സൂപ്പര്‍ ഓവറില്‍ ശ്രീലങ്കയെ വീഴ്ത്തി ടി20 പരമ്പരയില്‍ ഇന്ത്യക്ക് ആധികാരിക ജയം
കൊളംബോ : സൂപ്പര്‍ ഓവറില്‍ ശ്രീലങ്കയെ വീഴ്ത്തി ടി20 പരമ്പരയില്‍ ഇന്ത്യക്ക് ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 137 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക എട്ട് വിക്കറ്റിന് ഇതേ സ്കോറിലൊതുങ്ങി. തുടര്‍ന്ന് വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ ലങ്ക രണ്ട് റണ്‍സിന് പുറത്തായി. ഇന്ത്യ ആദ്യ പന്തില്‍ ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കായി സൂപ്പര്‍ ഓവര്‍ എറിഞ്ഞ വാഷിങ്ടന്‍ സുന്ദര്‍ മൂന്നു പന്തിനിടെ കുശാല്‍ പെരേര, പാത്തും നിസ്സങ്ക എന്നിവരെ പുറത്താക്കി ശ്രീലങ്കന്‍ സ്കോര്‍ രണ്ടില്‍ ഒതുക്കി. വിജയലക്ഷ്യമായ മൂന്നു റണ്‍സ് ആദ്യ പന്തില്‍ത്തന്നെ ഇന്ത്യ മറികടന്നു. മഹീഷ് തീക്ഷണയ്ക്കെതിരെ നേരിട്ട ആദ്യ പന്തില്‍ത്തന്നെ ഫോറടിച്ച് സൂര്യകുമാറാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.
ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്ന്ന് ലങ്ക. 15.2 ഓവറില്‍ രണ്ടിന് 110 എന്ന ശക്തമായ നിലയില്‍ നിന്നാണ് ലങ്ക തകര്‍ന്നത്. 19-ാം ഓവറില്‍ രണ്ട് വിക്കറ്റെടുത്ത റിങ്കുസിങും 20-ാം ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ സൂര്യകുമാറും ചേര്‍ന്നാണ് ലങ്കയെ ഒതുക്കിയത്. ലങ്കക്കായി കുശാല്‍ പെരേര (46) തിളങ്ങി. ഇന്ത്യന്‍ ബാറ്റിങ്ങില്‍ ശുഭ്മാന്‍ ഗില്ലാണ് (39) ടോപ് സ്കോറര്‍. ശ്രീലങ്കയ്ക്കെതിരായ ടി 20 പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസണ് നിരാശപ്പെടുത്തി. മൂന്നാം ടി20 യിലും താരം പൂജ്യത്തിന് പുറത്തായി. രണ്ടാം ടി20യില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് പകരക്കാരനായി ഇറങ്ങിയ സഞ്ജു ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഏകദിന പരമ്പര ഓഗസ്റ്റ് രണ്ടിനാണ് ആരംഭിക്കുന്നത്.