നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ചെമ്പന്തൊട്ടിയിലെ പാറമട പൂട്ടാൻ നഗരസഭാ തീരുമാനം
ശ്രീകണ്ഠപുരം : നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ചെമ്പന്തൊട്ടി നായനാർ മലയിലെ പാറമടയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകി ശ്രീകണ്ഠപുരം നഗരസഭ. അടിയന്തര കൗൺസിൽ യോഗം ചേർന്നാണ് തീരുമാനമെടുത്തത്. ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നായനാർ മലയിലെ പാറമടകൾക്കെതിരേ ചെമ്പന്തൊട്ടിയിലെ നാട്ടുകാർ രണ്ടാഴ്ചയായി പ്രതിഷേധപരിപാടികൾ നടത്തുകയാണ്. ഇവിടുത്തെ പാറമട അതീവ ഗുരുതര പാരിസ്ഥിതിക പ്രശ്നമുണ്ടാകുന്നതായി ജനകീയസമിതിയും നഗരസഭയും സജീവ് ജോസഫ് എം.എൽ.എയും ആരോപിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ജനകീയസമിതി പാറമടയിലേക്ക് മാർച്ചും നടത്തി. തുടർന്നാണ് പാറമടയുടെ പ്രവർത്തനം താത്കാലികമായി നിർത്താൻ നഗരസഭ നിർദേശം നൽകിയത്. തീരുമാനം നടപ്പാക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും അവർക്ക് സംരക്ഷണം നൽകുന്നതിനും നടപടി സ്വീകരിക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു.
പാറമടയ്ക്ക് താത്കാലിക സ്റ്റോപ്പ് മെമ്മോ നൽകാനുള്ള തീരുമാനത്തിനെതിരേ കോൺഗ്രസ് കൗൺസിലറും ക്വാറിവിരുദ്ധ ജനകീയ കമ്മിറ്റിയുടെ രക്ഷാധികാരിയുമായ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ വിയോജന കുറിപ്പ് നൽകി. ഇത് നിയമപരമായി നിലനിൽക്കില്ലെന്ന് ആരോപിച്ചാണ് വിയോജന കുറിപ്പ് നൽകിയത്. വെള്ളം കെട്ടിനിൽക്കുന്ന പാറമടകൾ നികത്താനും പാറമടകളിലെയും ക്രഷറുകളിലെയും മണ്ണും പൊടിയും കല്ലും നീക്കംചെയ്യാൻ പ്രത്യേകം നോട്ടീസ് നൽകാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. കളക്ടറും ഉന്നതതലസംഘവും പാറമട സന്ദർശിച്ച് ശാശ്വതപരിഹാരം കാണണമെന്ന് യു.ഡി.എഫ്. നേതൃസംഘം ആവശ്യപ്പെട്ടു. പാറമട സന്ദർശിച്ചശേഷമാണ് നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടത്. താത്കാലികമായി നിർത്തിവെക്കാൻ നഗരസഭ തീരുമാനിച്ചു.