ശ്രീനിവാസന് വിട നൽകാൻ ഒരുങ്ങി നാട്; സംസ്കാരം രാവിലെ പത്ത് മണിക്ക്
കൊച്ചി : നടനും സംവിധായകനുമായ ശ്രീനിവാസന് വിട നൽകാൻ ഒരുങ്ങി നാട്. ഇന്ന് രാവിലെ 10 ന് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്കാരം. ഔദ്യോഗിക ബഹുമതികളോടെയാവും സംസ്കാരച്ചടങ്ങുകൾ. ശനിയാഴ്ച രാവിലെ 8.30-ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ രോഗങ്ങളെത്തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
പ്രിയനടന്റെ മരണവിവരമറിഞ്ഞതോടെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് ജനം ഒഴുകി. പകൽ 11 ഓടെ മൃതദേഹം കണ്ടനാട്– വട്ടുക്കുന്ന് റോഡിലുള്ള ‘പാലാഴി’ വീട്ടിലേക്ക് എത്തിച്ചപ്പോൾ ജനക്കൂട്ടം വഴിയിൽ കാത്തുനിന്നു. 12 ഓടെ പൊതുദർശനത്തിനായി എറണാ കുളം ടൗൺഹാളിലേക്ക് എത്തിച്ചു. മൂന്നുവരെയായിരുന്നു പൊതുദർശനം തീരുമാനിച്ചിരുന്നതെങ്കിലും ജനത്തിരക്ക് കാരണം 3.45 വരെ നീണ്ടു. തുടർന്ന് കണ്ടനാട്ടെ വീട്ടിലേക്ക് കൊണ്ടുപോയി. മകനും നടനുമായ വിനീത് ശ്രീനിവാസൻ ചെന്നൈയിലേക്ക് പോകാൻ രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തി യിരുന്നു. മരണവാർത്തയറിഞ്ഞതോടെ തിരികെ തൃപ്പൂണിത്തുറ താലൂക്കാശുപത്രി യിലേക്ക് എത്തി. കോഴിക്കോട് ഷൂട്ടിങ്ങിലായിരുന്ന മകൻ ധ്യാനും മടങ്ങിയെത്തി.