ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ മതജാതി വർഗീയതയും വിഭജന രാഷ്ട്രീയവും ഉൾപ്പെടെ നമുക്കു മുന്നിലിന്ന് അനവധിയായ വെല്ലുവിളികളുണ്ടെന്നും ഗുരുചിന്തയും ഗുരുവിന്റെ പോരാട്ട ചരിതവും ഈ പ്രതിബന്ധങ്ങൾ മുറിച്ചുകടക്കാൻ നമുക്ക് ഊർജ്ജമാവു മെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുവിനെ പോലും ഇന്ന് സ്വന്തമാക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്നുണ്ട്. വർഗീയതയെ എന്നും എതിർത്ത ഗുരുശ്രേഷ്ഠനായിരുന്നു ശ്രീനാരായണ ഗുരു. മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചത്. ഗുരുവിന്റെ വാക്കുകളും പ്രവർത്തനങ്ങളും ഒരു മതത്തിലോ ജാതിയിലോ ഒതുങ്ങുന്നതായിരുന്നില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.