സൂപ്പര്‍ ലീഗ് കേരളയില്‍ എതിരില്ലാത്ത ഒരു ഗോളിന് കണ്ണൂര്‍ വാരിയേഴ്സ് എഫ്സിക്ക് ജയം
കൊച്ചി : സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിന് ഫോഴ്സ കൊച്ചിയെയാണ് കണ്ണൂര്‍ വാരിയേഴ്സ് തോല്‍പ്പിച്ചത്. പകരക്കാരനായി എത്തിയ ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ഡിനേറോ ആണ് കണ്ണൂരിന് വേണ്ടി ഗോള്‍ നേടിയത്. ആദ്യ സീസണില്‍ കണ്ണൂരിന്റെ ഗോളടി വീരനായിരുന്ന അഡ്രിയാന്‍ പരിക്ക് കാരണം ആദ്യ രണ്ട് മത്സരങ്ങളില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. അസിയര്‍ ഗോമസാണ് ഗോളിന് അവസരം ഒരുക്കിയത്. സൂപ്പര്‍ ലീഗ് കേരളയില്‍ ഫോഴ്സ കൊച്ചിക്കെതിരെ കണ്ണൂരിന്റെ ആദ്യ ജയമാണ്. ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റ് നേടി കണ്ണൂര്‍ വാരിയേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ആറ് പോയിന്റുമായി തൃശൂര്‍ ആണ് രണ്ടാമത്.
കഴിഞ്ഞ മത്സരത്തിലിറങ്ങിയ ഇരുടീമുകളിലും മാറ്റങ്ങളുമായി ആണ് കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും ഫോഴ്സ കൊച്ചി എഫ്സിയും ഇറങ്ങിയത്. കണ്ണൂര്‍ വാരിയേഴ്സ് എഫ്സി മലപ്പുറം എഫ്സിക്കെതിരെ ഇറങ്ങിയ ടീമില്‍ സച്ചിന് സുനില്‍, അസിയര്‍ ഗോമസ്, എബിന് ദാസ് എന്നിവര്‍ക്ക് പകരമായി സൈദ് നിദാല്‍, അര്‍ഷാദ് എ, അര്ജുന് എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. ഫോഴ്സ കൊച്ചി എഫ്സി തിരുവനന്തപുരം കൊമ്പന്‍സിനെതിരെ ഇറങ്ങിയ ഇലവനില്‍ ആറ് മാറ്റങ്ങളുമായി ആണ് നിര്‍ണായക മത്സരത്തിന് എത്തിയത്. അഭിഷേക് ഹാല്‍ഡര്‍, ജിഷ്ണു കെഎസ്, ശ്രീരാഗ് വി.ജി, സൂസൈരാജ്, റോഡ്രിഗസ് അയാസോ, ഷൈസാ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചു.