സൂപ്പര്‍ ലീഗ് കേരളയില്‍ പ്രാഥമിക റൗണ്ടിലെ അവസാന പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം; തൃശൂര്‍ മാജിക് എഫ്സി കണ്ണൂര്‍ വാരിയേഴ്സിനെ നേരിടും
തൃശൂര്‍ : സൂപ്പര്‍ ലീഗ് കേരളയില്‍ പ്രാഥമിക റൗണ്ടിലെ അവസാന പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ തൃശൂര്‍ മുന്‍സിപ്പില്‍ സ്റ്റേഡിയത്തില്‍ ആതിഥേയരായ തൃശൂര്‍ മാജിക് എഫ്സി കണ്ണൂര്‍ വാരിയേഴ്സിനെ നേരിടും. രാത്രി 7.30ന് കിക്കോഫ്. കാലിക്കറ്റ് എഫ്സിക്ക് പിന്നാലെ സെമിയിലേക്ക് യോഗ്യത നേടിയ ടീമായതിനാല്‍ തൃശൂര്‍ മാജിക് എഫ്സിക്ക് ഈ മത്സരം നിര്‍ണായകമല്ല. അതേസമയം കണ്ണൂര്‍ വാരിയേഴ്സിന് അങ്ങനെയല്ല, സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ന് വിജയിച്ചേ മതിയാകൂ. കളി സമനിലയിലോ തോല്‍ക്കുകയോ ചെയ്താല്‍ കണ്ണൂര്‍ വാരിയേഴ്സ് സെമി കാണാതെ പുറത്താകും. കൂടാതെ നാളെയും മറ്റന്നാളുമായി നടക്കുന്ന തിരുവനന്തപുരം കൊമ്പന്‍സ്-കാലിക്കറ്റ് എഫ്സി, മലപ്പുറം എഫ്സി-ഫോഴ്സ കൊച്ചി മത്സര ഫലവും ആശ്രയിച്ചായിരിക്കും അവരുടെ സെമി സാധ്യത നിലനില്ക്കുക. ഹോം ഗ്രൗണ്ടി ലെ നിരാശാജനകമായ പ്രകടനമാണ് കണ്ണൂര്‍ വാരിയേഴ്സിന് തിരിച്ചടിയായത്. കണ്ണൂര്‍ ജവഹര്‍ മൈതാനത്ത് കളിച്ച അഞ്ച് ഹോം മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാന്‍ കഴിയാത്തതാണ് അവര്‍ക്ക് കനത്ത തിരിച്ചടിയായത്. രണ്ടെണ്ണം സമനിലയില്‍ പിരിഞ്ഞപ്പോള്‍ മൂന്നില്‍ കനത്ത തോല്‍വി വഴങ്ങി. ആദ്യ നാല് എവേ കളികളില്‍ രണ്ട് ജയവും രണ്ട് സമനിലയുമായി മുന്നേറിയ കണ്ണൂര്‍ സ്വന്തം ഗ്രൗണ്ടിലെ ആദ്യ കളിയിലും സമനിലയോടെ തുടങ്ങി. എന്നാല്‍ തുടര്‍ന്ന് സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ നടന്ന നാല് കളികളില്‍ മൂന്ന് പരാജയം ഏറ്റുവാങ്ങിയതാണ് അവരുടെ കുതിപ്പിന് കനത്ത തിരിച്ചടിയായത്.