കണ്ണൂർ വാരിയേഴ്സിന് സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ കനത്ത തോൽവി
കണ്ണൂർ : സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ ജയം തേടിയിറങ്ങിയ കണ്ണൂർ വാരിയേഴ്സിന് സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ കനത്ത തോൽവി. മുൻസി പ്പൽ ജവഹർ സ്റ്റേഡിയത്തിൽ തിരുവനന്ത പുരം കൊമ്പൻസാണ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആതിഥേയരെ കീഴടക്കിയ ത്. ഗോളൊഴിഞ്ഞ ആദ്യ പകുതിക്ക് ശേഷമായിരുന്നു ഗോളുകളെല്ലാം പിറന്നത്.
ബ്രസീലുകാരനായ ഓട്ടിമർ ബിസ്പോ രണ്ടും മുഹമ്മദ് ജാസിം ഒരു ഗോളും നേടി. അസിയർ ഗോമസിന്റെ വകയായിരുന്നു വാരിയേഴ്സിന്റെ ആശ്വാസ ഗോൾ. സെമിയിലെത്താൻ ജയം അനിവാര്യമായ കൊമ്പൻസിന് സ്വന്തം തട്ടകത്തിലേറ്റ തോൽവിക്ക് മധുരപ്രതികാരം തീർക്കൽ കൂടിയായി വിജയം. ആറുകളികളിൽ ആദ്യ തോൽവി വഴങ്ങിയ വാരിയേഴ്സ് ഒമ്പതു പോയന്റുമായി നാലാമത് തുടരുന്നു. രണ്ടാം ജയം നേടിയ കൊമ്പൻസ് ഇപ്പോഴും അഞ്ചാമതാണ്. വെള്ളിയാഴ്ച കളം നിറഞ്ഞു കളിച്ചിട്ടും തൃശൂരിനോട് ജയം കൈവിട്ട വാരിയേഴ്സ് ആദ്യ ഇലവനിൽ വരുത്തിയ മാറ്റങ്ങൾ തിരിച്ചടിയായി. ടീം കോമ്പിനേഷനിൽ പരസ്പര ധാരണ ചോർന്ന് പോയ അവർക്ക് ആദ്യ പകുതിയിൽ ഒന്നിലേറെ അവസരങ്ങൾ തുറന്നെടുക്കാനായെങ്കിലും ലക്ഷ്യം മാത്രം അകന്നു. മറുവശത്ത് കൊമ്പന്മാർ വേഗം കൊണ്ട് വാരിയേഴ്സ് പ്രതിരോധം ഭേദിക്കുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അപ്രതീക്ഷിതമായി ലീഡെടുത്തതോടെ കളിയുടെ നിയന്ത്രണവും കൊമ്പന്മാർക്കായി.