സൂപ്പർലീഗ് കേരള ഫുട്ബോളിൽ സെമികാണാതെ പുറത്തായ ഫോഴ്സ കൊച്ചിക്ക് ആശ്വാസമായി മിന്നും ജയം
കണ്ണൂർ : സൂപ്പർലീഗ് കേരള ഫുട്ബോളിൽ സെമികാണാതെ പുറത്തായ ഫോഴ്സ കൊച്ചിക്ക് ആശ്വാസമായി മിന്നും ജയം. ഒന്നിനെതിരേ നാല് ഗോളുകൾക്ക് കണ്ണൂർ വാരിയേഴ്സിനെയാണ് ഫോഴ്സ തോൽപ്പിച്ചത്. ഫോഴ്സ കൊച്ചിക്കുവേണ്ടി നിജോ ഗിൽബർട്ട് (34, 48) ഇരട്ടഗോൾ കുറിച്ചു. സജീഷ് (15), അഭിത്ത് (66) എന്നിവർ ഓരോ ഗോൾവീതവും നേടി. മുഹമ്മദ് സിനാനാണ് (4) കണ്ണൂരിന്റെ ആശ്വാസഗോൾ നേടിയത്. കണ്ണൂർ വാരിയേഴ്സിന്റെ രണ്ടാം തോൽവിയും ഫോഴ്സ കൊച്ചിയുടെ ആദ്യ ജയവുമാണ്. നാലാം മിനിറ്റിൽ കണ്ണൂർ മുഹമ്മദ് സിനാനിലൂടെ ലീഡ് എടുത്തു. എബിൻ ദാസിന്റെ ഷോട്ട് കൊച്ചി ഗോൾകീപ്പർ സേവ് ചെയ്തു. പോസ്റ്റിനുമുന്നിൽ നിലയുറപ്പിച്ചിരുന്ന സിനാൻ അനായാസം പന്ത് ലക്ഷ്യത്തിലെത്തിച്ചു. സിനാന്റെ ടൂർണമെന്റിലെ മൂന്നാം ഗോൾ.
സജീഷിലൂടെ 15-ാം മിനിറ്റിൽ കൊച്ചി സമനില പിടിച്ചു. കോർണറിൽനിന്ന് ലഭിച്ച അവസരം കണ്ണൂർ ഗോൾകീപ്പർ ഉബൈദ് പഞ്ച് ചെയ്യാൻ ശ്രമിച്ചെങ്കിലും പിഴവിലൂടെ ലഭിച്ച അവസരം സജീഷ് ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. 34-ാം മിനിറ്റിൽ നിജോ ഗിൽബർട്ടിലൂടെ കൊച്ചി ലീഡ് നേടി. അജിൻ നൽകിയ ബാക്ക് ഫ്ളിപ്പ് പാസ് നിജോ കൃത്യമായി ഗോളാക്കി. 48-ാം മിനിറ്റിൽ നിജോ കൊച്ചിയുടെ ലീഡ് രണ്ടാക്കി ഉയർത്തി. ഇടത് വിങ്ങിൽനിന്ന് ബോക്സിലേക്ക് കട്ട് ചെയ്ത് കയറിയ നിജോ ഗിൽബർട്ട് കണ്ണൂരിന്റെ പ്രതിരോധതാരങ്ങളെ കാഴ്ചക്കാരാക്കി മനോഹരമായി ഗോളാക്കി മാറ്റുകയായിരുന്നു. 66-ാം മിനിറ്റിൽ അഭിത്തിലൂടെ കൊച്ചി ലീഡ് മൂന്നാക്കി ഉയർത്തി. സജീഷ് നൽകിയ പാസ് ബോക്സിന് തൊട്ടുമുൻപിൽനിന്ന് സ്വീകരിച്ച അഭിത്ത് കണ്ണൂരിന്റെ പ്രതിരോധതാരം സന്ദീപിനെ കബളിപ്പിച്ച് ഗോളാക്കുകയായിരുന്നു.