സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്സിന് ഇന്ന് ഹോം ഗ്രൗണ്ടിലെ അവസാന പോരാട്ടം
കണ്ണൂര്‍ : സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്സിന് ഇന്ന് ഹോം ഗ്രൗണ്ടിലെ അവസാന പോരാട്ടം. നിലവിലെ ചാമ്പ്യന്മാരും നേരത്തെ സെമി ഉറപ്പിക്കുകയും ചെയ്്ത കാലിക്കറ്റ് എഫ്സിയാണ് എതിരാളികള്‍. രാത്രി 7.30ന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലാണ് മത്സരം. സെമി സാധ്യത നിലനിര്‍ത്തണ മെങ്കില്‍ ഇന്ന് വാരിയേഴ്സിന് ജയിച്ചേ മതിയാകൂ. എന്നാലും അവസാന നാലില്‍ ഇടംപിടിക്കുമെന്ന് ഉറപ്പില്ല. ഇന്നത്തെ കളിയും ഡിസംബര്‍ രണ്ടിന് തൃശൂരിനെ തിരെ നടക്കുന്ന കളിയും വിജയിക്കുന്നതി നോടൊപ്പം മറ്റ് മത്സരങ്ങളുടെ ഫലവുമനുസരിച്ചായിരിക്കും അവരുടെ സെമി സാധ്യതകള്‍.
നിലവില്‍ എട്ട് കളികളില്‍ നിന്ന് അഞ്ച് വിജയവും രണ്ട് സമനിലയും ഒരു പരാജയവുമടക്കം 17 പോയിന്റുമായി കാലിക്കറ്റ് എഫ്സി നേരത്തെ തന്നെ സെമി ഉറപ്പിച്ചു. എട്ട് കളികളില്‍ നിന്ന്് അവര്‍ 17 ഗോളുകള്‍ നേടിയപ്പോള്‍ വഴങ്ങിയത്് 9 എണ്ണം. അതേസമയം കണ്ണൂര്‍ വാരിയേഴ്സ് എട്ട് കളികളില്‍ നിന്ന് 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. 10 ഗോളുകള്‍ അടിച്ച അവര്‍ 13 എണ്ണം വഴങ്ങുകയും ചെയ്തു. സ്വന്തം തട്ടകമായ കണ്ണൂര്‍ ജവഹര്‍ മൈതാനത്ത് കളിച്ച് നാലില്‍ ഒന്നും പോലും ജയിക്കാന്‍ അവര്‍ക്കായിട്ടില്ല. രണ്ട് സമനിലയും രണ്ട് തോല്‍വിയുമാണ് അവര്‍ നേരിട്ടത്. അവസാന കളിയില്‍ ഫോഴ്സ കൊച്ചിയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ന്നത്. ഈ തകര്‍ച്ചയില്‍ നിന്ന് അവര്‍ കരകയറിയിട്ടുണ്ടാവില്ല.
ഇന്ന് കാലിക്കറ്റിനെതിരെ സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങുമ്പോള്‍ ഫോഴ്സ കൊച്ചിക്കെതിരെ ഇറങ്ങിയ ആദ്യ ഇലനില്‍ നിരവധി മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. പ്രതിരോധത്തിലെ പാളിച്ചകളാണ് അവര്‍ക്ക് പല കളികളിലും തിരിച്ചടിയായത്. നിക്കോളാസ് ഡെല്മോണ്ടെ നേതൃത്വം നല്കുന്ന പ്രതിരോധം അമ്പേ പൊളിഞ്ഞതാണ് ഫോഴ്സക്കെതിരായ കളിയിലെ പരാജയത്തിന് പ്രധാന കാരണം. മാത്രമല്ല ഇന്ന് മധ്യനിരയില്‍ ടീമിന്റെ കളി നിയന്ത്രിക്കുന്ന ലവ്സാംബ ഉണ്ടാകില്ല. ഫോഴ്സക്കെതിരായ കഴിഞ്ഞ കളിയില്‍ താരം പരിക്കേറ്റ് പുറത്തുപോയിരുന്നു. എന്നാല്‍ അസിയര്‍ ഗോമസ്, ടി. ഷിജിന്, ഷിബിന്‍ സാദ് തുടങ്ങിയവരുടെ പരിക്ക് ഭേദമായിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ ആദ്യ ഇലവനില്‍ ഇടംപിടിക്കാനും സാധ്യതയുണ്ട്. കാലിക്കറ്റിനെതിരെ വിജയിക്കുകയാണെങ്കില്‍ പോയിന്റ് പട്ടികയില്‍ കണ്ണൂരിന് മൂന്നാം സ്ഥാനത്ത് എത്താം. സമനിലയില്‍ പിരിഞ്ഞാല്‍ നാലാമതും എത്താന്‍ സാധിക്കും.