സൗന്ദര്യവത്കരണത്തിന്റെ മറവിലും നടക്കുന്നത് തളിപ്പറമ്പ് നഗരസഭ ഭരണാധികാരികളുടെ പകൽക്കൊള്ള
തളിപ്പറമ്പ് : നഗരത്തിൽ ദേശീയപാതയിൽ തെരുവുവിളക്കുകൾ മാറ്റി സ്ഥാപിക്കുന്ന തുൾപ്പെടെ സൗന്ദര്യവത്കരണത്തിന്റെ മറവിലും നടക്കുന്നത് തളിപ്പറമ്പ് നഗരസഭ ഭരണാധികാരികളുടെ പകൽക്കൊള്ള. ആക്രി അഴിമതിയിലൂടെ ലക്ഷങ്ങൾ തട്ടിയവരാണ് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും കൈയിട്ടു വാരുന്നത്. എട്ട് വർഷമായി ദേശീയ പാതയിൽ വിളക്കുതൂണിൽ പരസ്യഫലകം സ്ഥാപിച്ച സ്വകാര്യ പരസ്യ കമ്പനിക്ക് തന്നെ നഗരസഭ അധികാരികൾ വീണ്ടും കരാർ നൽകിയത് നടപടിക്രമങ്ങൾ പാലിക്കാതെ. താൽപര്യപത്രം ക്ഷണിക്കാതെയാണ് നിയമവിരുദ്ധമായി കരാർ നീട്ടി നൽകിയത്.
നഗരത്തിലെ പ്രധാന പാതകളായ താലൂക്ക് ഓഫീസ് റോഡ്, മെയിൻ റോഡ്, മാർക്കറ്റ്റോഡ്, കോർട്ട് റോഡ് എന്നിവടങ്ങളിലെ നടപ്പാതയോട് ചേർന്നാണ് കൈവരികളിൽ പരസ്യപ്പലക സ്ഥാപിക്കുന്നത്. ഇവർക്കാകട്ടെ നഗരത്തിന്റെ കൂടുതൽ ഭാഗങ്ങളിൽ കൂടുതൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാനും ചട്ടം ലംഘിച്ച് തളിപ്പറമ്പ് രജിസ്റ്റർ ഓഫീസിന്റെ മുന്നിലെ ഡ്രൈനേജ് സ്ലാബുകൾക്ക് മുകളിൽ ബങ്കറുകൾ സ്ഥാപിക്കാനും അനുമതി നൽകിയിട്ടുണ്ട്. നഗരസഭയുടെ ഓവുചാലിന് മുകളിലാണ് സ്ഥിരം ഷെഡുകള്‍ പണിയുന്നത്. ഓവുചാലുകള്‍ക്ക് മുകളില്‍ ഒരുവിധ നിര്‍മാണപ്രവര്‍ത്തനങ്ങളും പാടില്ലെന്നിരിക്കെയാണ് ഷെഡ് നിര്‍മാണം. നേരത്തെ ഇവിടെ നാല് ചെരുപ്പ് തുന്നൽ തൊഴിലാളികൾ താല്‍ക്കാലിക ടെന്റ് നിര്‍മിച്ച് ജോലിയെടുത്തിരുന്നു.
എന്നാൽ അതിന്റെ മറവിൽ 10 ഷെഡുകൾ നിര്‍മിക്കുന്നത് കച്ചവടത്തിനാണെന്നും ഭരണവിഭാഗത്തിലെ തന്നെ ഒരു വിഭാഗം ആരോപിക്കുന്നു. പരസ്യങ്ങൾ നൽകുന്ന ഡിജിറ്റൽ വാളിന്റെ സെർവർ സിസ്റ്റമുൾപ്പെടെ സ്ഥാപിക്കാനും സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചെടികൾ പരിചരണം ചെയ്യുന്ന പണിയായുധങ്ങൾ വെക്കാനുമുള്ള ബങ്കറുകളാണ് എന്നാണ് ഭരണപക്ഷത്തി ൽ ഒരു വിഭാഗത്തിന്റെ വാദം. നിയമവിരുദ്ധമായി പുതുക്കിയ നൽകിയ കരാർ മാനദണ്ഡപ്രകാരം സൗന്ദര്യ വൽക്കരണം ആഗസ്ത് 31 ന് പൂർത്തീകരിക്കേണ്ടതാണ്. എന്നാൽ രണ്ടു മാസം കഴിഞ്ഞിട്ടും അൻപത് ശതമാനം പോലും പൂർത്തിയായിട്ടില്ല. നേരത്തെ ആക്രി അഴിമതിയിൽ അന്വേഷണത്തിനെ ത്തിയ വിജിലൻസ് സംഘത്തിന് ഇത് സംബന്ധിച്ചും ചില സൂചനകൾ കിട്ടിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.