പിലാത്തറ ദേശീയപാതയിലെ വിള്ളൽ കാണാതിരിക്കാൻ ഷീറ്റ് വിരിച്ച നിലയിൽ
തളിപ്പറമ്പ് : ദേശീയപാതയിൽ പിലാത്തറയിൽ കണ്ടെത്തിയ വിള്ളൽ ടാർ ഉപയോഗിച്ച് അടക്കാനുള്ള ശ്രമം വിജയിച്ചില്ല. ടാർ ഇളകി വിള്ളൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. വിള്ളൽ ആഴത്തിൽ ഉണ്ടാകാമെന്നതാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. വിള്ളൽ അടക്കാൻ സാധിക്കാതായതോടെ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് കാണാതിരിക്കാൻ ശ്രമം നടത്തുന്നതായും നാട്ടുകാർ പറയുന്നു. പയ്യന്നൂർ ഭാഗത്തേക്കുള്ള പാതയിലാണ് വിള്ളൽ ഉള്ളത്. മുമ്പ് ഇവിടെ വയലായിരുന്നു. വേണ്ടത്ര അടിത്തറ ഭദ്രമാകാത്തതാണ് വിള്ളലിന് കാരണമെന്ന് പറയപ്പെടുന്നു. ഇവിടെ സർവിസ് റോഡിലും വിള്ളൽ ഉണ്ട്. ഇതേ തുടർന്ന് പയ്യന്നൂർ ഭാഗത്തേക്കുള്ള സർവിസ് റോഡ് അടച്ചിട്ടിരിക്കുകയാണ്. അതേസമയം പാതയുടെ സംരക്ഷണ ഭിത്തി അടർന്നു വീഴുന്നതും തുടരുകയാണ്. കഴിഞ്ഞ ദിവസം ഭിത്തിക്ക് ഉപയോഗിച്ച കോൺക്രീറ്റ് ഷീറ്റിന്റെ ഭാഗം പൊട്ടിവീണിരുന്നു.