തമിഴ്നാട് തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികള്‍ മരിച്ചു
ചെന്നൈ : മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. തമിഴ്നാട് തേനി പെരിയകുളത്താണ് അപകടമുണ്ടായത്. മരിച്ചത് കോട്ടയം സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചതില്‍ ഒരാള്‍ കുറവിലങ്ങാട് സ്വദേശി ജയന്ത് ആണെന്ന് സംശയമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി കാറിലെ രേഖകള്‍ പൊലീസ് പരിശോധിക്കും. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഏർക്കാട് പോവുകയായിരുന്ന മിനി ബസും തേനിയിലേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. KL 39 C 2552 എന്ന മാരുതി ആള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. കാർ പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിലേക്ക് മറിഞ്ഞു. കാറില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. മൂന്നുപേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഒരാള്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ടൂറിസ്റ്റ് ബസില്‍ സഞ്ചരിച്ച 18 പേർക്ക് പരുക്കേറ്റു. ഇവരെയെല്ലാം തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.