ടെലഗ്രാം ആപ്ളിക്കേഷൻ മേധാവി പവേൽ ദുരോവ് അറസ്റ്റിൽ; ടെലഗ്രാമിന്റെ സഹസ്ഥാപകനും സിഇഒയുമാണ് പവേൽ
പാരീസ് : ടെലഗ്രാം ആപ്ളിക്കേഷൻ മേധാവി പവേൽ ദുരോവ് (39) അറസ്റ്റിൽ. പാരീസിലെ വിമാനത്താവളത്തിൽ വച്ചാണ് പവേൽ അറസ്റ്റിലായതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ടെലഗ്രാമിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിൽ പവേൽ ദുരോവ് പരാജയപ്പെട്ടു എന്നതാണ് കുറ്റം. ടെലഗ്രാമിന്റെ സഹസ്ഥാപകനും സിഇഒയുമാണ് റഷ്യൻ വംശജനായ പവേൽ. ദുരോവിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. സംഭവത്തിൽ ടെലഗ്രാമും പാരീസിനെ റഷ്യൻ എംബസിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പവേൽ ദുബായിലാണ് നിലവിൽ താമസിക്കുന്നത്. ടെലഗ്രാമിന്റെ ആസ്ഥാനവും ദുബായിലാണ്. ഫ്രഞ്ച് പൗരത്വത്തിന് പുറമെ യുഎഇ പൗരത്വവും പവേലിനുണ്ട്.
ഫോബ്സ് പുറത്തുവിടുന്ന വിവരങ്ങൾ പ്രകാരം 15.5 ബില്യൺ ഡോളറിന്റെ ആസ്തിയാണ് പവേലിനുണ്ട്.പവേലും സഹോദരൻ നിക്കോലായും ചേർന്ന് 2013ലാണ് ടെലഗ്രാം സ്ഥാപിക്കുന്നത്. 900 ദശലക്ഷം ആക്ടീവ് യൂസർമാരാണ് ടെലഗ്രാമിനുള്ളത്. ടെലഗ്രാമിന് മുൻപ് വികെ എന്ന പേരിൽ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോം റഷ്യയിൽ പവേൽ ദുരോവ് സ്ഥാപിച്ചിരുന്നു. വികെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ പ്രതിപക്ഷ കമ്മ്യൂണിറ്റികൾ അടച്ചുപൂട്ടാനുള്ള സർക്കാർ നിർദേങ്ങൾ അനുസരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് 2014ൽ പവേൽ റഷ്യ വിടുകയായിരുന്നു. ശേഷം ആപ്പ് വിൽക്കുകയും ചെയ്തു. ആരെങ്കിലും നിന്ന് ഉത്തരവ് സ്വീകരിക്കുന്ന തിനേക്കാളും താൻ സ്വതന്ത്രനായിരിക്കു മെന്നാണ് അന്ന് പവേൽ പ്രതികരിച്ചത്. പണവും ബിറ്റ്കോയിനും മാത്രമാണ് തന്റെ പക്കലുള്ളതെന്നും റിയൽ എസ്റ്റേറ്റ്, ജെറ്റ് അല്ലെങ്കിൽ ബോട്ടുകൾ പോലെയുള്ള വലിയ സ്വത്തൊന്നും തനിക്കില്ലെന്നും പവേൽ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്