സിപിഎമ്മിന്റെ സംസ്ഥാനത്തെ പുതിയ ആസ്ഥാന മന്ദിരമായ എകെജി സെന്റർ ഉദ്ഘാടനം നാളെ
തിരുവനന്തപുരം : സിപിഎമ്മിന്റെ സംസ്ഥാനത്തെ പുതിയ ആസ്ഥാന മന്ദിരമായ പാളയത്തെ എകെജി സെന്റർ നാളെ വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മറ്റു പൊളിറ്റ്ബ്യൂറോ അംഗങ്ങൾ തുടങ്ങി പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കും. എൽഡിഎഫ് ഘടകകക്ഷി നേതാക്കളെയും രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. നിലവിലെ എകെജി സെന്ററിന് എതിർവശത്ത് 31 സെന്റിലാണ് 9 നിലകളും 2 ഭൂഗർഭ പാർക്കിങ് നിലകളുമുള്ള പുതിയ ആസ്ഥാന മന്ദിരം നിർമിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തിൽ നാടമുറിക്കലും ശിലാഫലക അനാഛാദനവും നടത്തുമെങ്കിലും ഉദ്ഘാടന സമ്മേളനം പഴയ എകെജി സെന്ററിലെ ഹാളിലാണ്. പുതിയ ഓഫിസിലേക്ക് പ്രവർത്തനം പൂർണതോതിൽ മാറാൻ സമയമെടുക്കുമെന്നാണു നേതാക്കൾ വ്യക്തമാക്കുന്നത്.