തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍
തിരുവനന്തപുരം : തലസ്ഥാനത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. കുഞ്ഞിന്റെ മരണം കൊലപാതകമല്ലെന്നാണ് പൊലീസ് അറിയിച്ചത്. പോത്തൻകോട് വാവറയമ്ബലത്ത് കന്നുകാലികള്‍ക്കായി വളർത്തുന്ന തീറ്റപ്പുല്‍ കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നേപ്പാള്‍ സ്വദേശിനിയാണ് പൂർണ വളർച്ചയെത്താത്ത കുട്ടിയെ പ്രസവത്തിനുശേഷം കുഴിച്ചിട്ടത്.
യുവതി കുഞ്ഞിനെ മാസം തികയാതെയാണ് പ്രസവിച്ചതെന്നും പ്രസവത്തില്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അഞ്ചര മാസം ഗർഭിണിയായിരിക്കെയാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്. തുടർന്ന് മാതാപിതാക്കള്‍ ആചാരപ്രകാരം മൃതദേഹം കുഴിച്ചിടുകയായിരുന്നു. കുഞ്ഞ് മരിച്ച വിവരം പൊലീസിനെ അറിയിക്കാതെ കുഴിച്ചിട്ടത് അജ്ഞാത മൂലമാണ്. സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ് എടുക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. പ്രസവശേഷം അമിത രക്തസ്രാവത്തെത്തുടർന്ന് യുവതിയെ എസ് എ ടി ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴായിരുന്നു വിവരം പുറത്തറിയുന്നത്. എസ് എ ടി ആശുപത്രിയിലെ ഡോക്ടർമാർ പോത്തൻകോട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും പോത്തൻകോട് പഞ്ചായത്ത് അധികൃതരും ഫോറൻസിക് വിദഗ്ധരും ചേർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുക്കുന്നത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് പ്രസവിച്ചതെന്നാണ് യുവതി മൊഴി നല്‍കിയത്.