തിരുവനന്തപുരത്ത് നാലുപേര്‍ക്കുകൂടി മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
തിരുവനന്തപുരം : തിരുവനന്തപുരത്ത് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. നെയ്യാറ്റിൻകരയില്‍ കുളത്തിൽ കുളിച്ചതിനുപിന്നാലെ മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചിരുന്നു. ഇതേ കുളത്തിൽ കുളിച്ച നാലുപേര്‍ക്കാണ് മസ്തിഷ്കജ്വരം ബാധിച്ചത്. കടുത്ത പനി സ്ഥിരീകരിച്ചതിനുപിന്നാലെ ഇവരെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരിൽ ഒരാൾക്ക് മസ്തിഷ്ക ജ്വരം ബാധിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു പരിശോധനയ്ക്കു അയച്ചിട്ടുണ്ട്. പ്ലാവറത്തലയിൽ അനീഷ്(26), പൂതംകോട് സ്വദേശി അച്ചു(25), പൂതംകോടിനു സമീപം ഹരീഷ് (27),ബോധിനഗർ ധനുഷ് (26) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരിൽ അനീഷിനാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മറ്റുള്ളവർക്കും സമാന ലക്ഷ്യണങ്ങളാണുള്ളത്. കണ്ണറവിള പൂതംകോട് അഖിൽ (അപ്പു- 27) കഴിഞ്ഞ 23ന് ആണു മരിച്ചത്. മരിക്കുന്നതിന് 10 ദിവസം മുൻപ് മുതൽ അഖിലിന് പനിയുണ്ടായിരുന്നു. തുടക്കത്തിൽ വീടിനു സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തി. അതിയന്നൂർ പഞ്ചായത്തിലെ കണ്ണറവിളയ്ക്കു സമീപത്തെ കാവിൻകുളത്താണ് അഖിലും മറ്റുള്ളവരും കുളിച്ചത്. ആരോഗ്യവകുപ്പിന്റെ നിർദേശത്തെത്തുടർന്നു കുളത്തിൽ ഇറങ്ങുന്നതു കർശനമായി വിലക്കിയിരുന്നു. ഇതു സംബന്ധിച്ചു നോട്ടിസ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.