തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം; കൂടിപ്പിരിയൽ ചടങ്ങ് ഇന്ന് വൈകീട്ട് നടക്കും
തളിപ്പറമ്പ് : തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിലെ ഭക്തിരസ പ്രധാനവും വികാരനിർഭരവുമായ കൂടിപ്പിരിയൽ ചടങ്ങ് ഇന്ന് വൈകീട്ട് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നോടെ രാമകൃഷ്ണൻമാരുടെ ബലിബിംബങ്ങൾ ചാർത്തോടുകൂടി പുറത്തെഴുന്നള്ളിക്കും. തുടർന്ന് ചുറ്റമ്പലത്തിൽ ശ്രീഭൂതബലി നടക്കും. പിന്നീട് മോതിരംവെച്ച് തൊഴൽ. പ്രദക്ഷിണം പൂർത്തിയായാൽ വാദ്യക്കാരുടെ അകമ്പടിയോടെ പാൽ എഴുന്നള്ളിച്ച് വെക്കുന്ന അരയാൽത്ത റവരെ ഓടിയെത്തും. ഓടിയും നൃത്തം ചെയ്തും ജ്യേഷ്ഠാനുജൻമാരുടെ ബാലലീലകൾക്കൊപ്പം ഭക്തജനങ്ങളുടെ ഗോവിന്ദനാമജപവും കൂടിയാകുമ്പോൾ തൃച്ചംബരംദേശം ഭക്തിസാന്ദ്രമാകും. ചൊവ്വാഴ്ച രാത്രി നാട് വലംവെക്കൽ (ഉത്സവബലി) ചടങ്ങ് നടന്നു. ചാർത്തിയ ബലിബിംബങ്ങൾ രാത്രി എട്ടോടെ പുറത്തെഴുന്നള്ളിച്ച് ഭൂതഗണങ്ങൾക്ക് ബലിയർപ്പിച്ച് നാട് വലംവെക്കുന്നതാണ് ചടങ്ങ്. പാലകുളങ്ങര ധർമശാസ്താ ക്ഷേത്രത്തിലെ വിശ്രമത്തിനുശേഷമാണ് തിരിച്ചെഴുന്നള്ളത്ത്.