
തൃശൂർ ചാഴൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു; രണ്ടു പേർക്ക് പരിക്ക്
തൃശൂർ : തൃശൂർ ചാഴൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. പഴുവിൽ സ്വദേശി വേളൂക്കര വീട്ടിൽ 60 വയസുള്ള ഗോപിയാണ് മരിച്ചത്. രാവിലെ ആറു മണിയോടെ ചാഴൂർ തെക്കേ ആലിന് സമീപമായിരുന്നു അപകടം. പെരിങ്ങോട്ടുകര ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോയിരുന്ന കാറാണ് ആൽ സ്റ്റോപ്പിന് സമീപത്തെ വളവിൽ വെച്ച് തട്ടുകടയിലേക്ക് ഇടിച്ചു കയറിയത്.
ഇടിയുടെ ആഘാതത്തിൽ കടയുടെ മുൻഭാഗം പൂർണമായും തകർന്നു. രണ്ട് ഇരുചക്ര വാഹനങ്ങൾക്കും കേടു പറ്റി. എതിർ വശത്തെ ഹോട്ടലിൽ നിന്ന് ചായകുടിച്ച ശേഷം തട്ടുകടയുടെ മുന്നിൽ പത്രം വായിക്കാൻ വന്നിരുന്നതായിരുന്നു ഗോപി. പരിക്കേറ്റ ഗോപിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗോപിക്ക് സമീപം ഉണ്ടായിരുന്ന അന്തോണി, ശ്രീധരൻ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു.