പശ്ചിമ ബംഗാളിലെ ട്രെയിൻ അപകടം; രണ്ട് ബോഗികൾ പാളം തെറ്റി, മരണ സംഖ്യ 15 ആയി
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ച ഉണ്ടായ അപകടത്തിൽ 15 പേർ മരിച്ചു, 60 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുമുണ്ട്. ഡാർജിലിംഗ് ജില്ലയിൽ ഇന്ന് രാവിലെ എക്സ്പ്രസ് ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അസമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തയിലെ സീൽദയിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്സ്പ്രസിനെ ന്യൂ ജൽപായ്ഗുരിക്ക് സമീപമുള്ള രംഗപാണി സ്റ്റേഷന് സമീപം പിന്നിൽ നിന്ന് വന്ന ഗുഡ്സ് ട്രെയിൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാഞ്ചൻജംഗ എക്സ്പ്രസിന്റെ രണ്ട് കോച്ചുകൾ പാളം തെറ്റിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, അപകടത്തിന് പിന്നാലെ ഡോക്ടർമാരും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.
‘ഡാർജിലിംഗ് ജില്ലയിലെ ഫാൻസിഡെവ മേഖലയിൽ നടന്ന ഒരു ദാരുണമായ ട്രെയിൻ അപകടത്തെക്കുറിച്ച് കേട്ടപ്പോൾ ഞെട്ടിപ്പോയി. കാഞ്ചൻജംഗ എക്സ്പ്രസ് ഒരു ഗുഡ്സ് ട്രെയിനിൽ ഇടിച്ചതായാണ് റിപ്പോർട്ട്. ഡിഎം, എസ്പി, ഡോക്ടർമാർ, ആംബുലൻസുകൾ, ദുരന്തനിവാരണ സംഘങ്ങൾ എന്നിവർ ഇവിടെയെത്തി. രക്ഷാപ്രവർത്തനം, വൈദ്യസഹായം എന്നിവയ്ക്കായി യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ആരംഭിച്ചു’ മമത ബാനർജി എക്സ് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി. ഗുഡ്സ് ട്രെയിൻ സിഗ്നല്‍ തെറ്റിച്ച് പോയതാണ് അപകടത്തിന് കാരണമായതെന്നാണ് റെയില്‍വേയുടെ വിശദീകരണം. അപകടത്തിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.