കരൂരിൽ ടി.വി.കെ യുടെ റാലിക്കിടെ തിക്കും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 41 ആയി ഉയർന്നു
കരൂർ : തമിഴ്നാട്ടിലെ കരൂരിൽ ടി.വി.കെ നേതാവും നടനുമായ വിജയ് യുടെ റാലിക്കിടെ തിക്കും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 41 ആയി ഉയർന്നു. 65കാരിയായ സുഗുണയാണ് മരിച്ചതെന്ന് റിപ്പോർട്ട്. തിക്കും തിരക്കിലുംപെട്ട് ഗുരുതര പരിക്കേറ്റ സുഗുണ ചികിത്സയി ലായിരുന്നു. അപകടത്തിൽ മരിച്ചവരിൽ ഒമ്പത് കുട്ടികളും 18 സ്ത്രീകളും 14 പുരുഷന്മാരും ഉൾപ്പെടും. പരിക്കേറ്റ 116 പേർ കരൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ചിലരുടെ നില ഗുരുതരമാണ്. മരിച്ച 40 പേരിൽ 33 പേർ കരൂർ ജില്ലയിൽ നിന്നുള്ളവരാണ്. ആറുവയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളാണ് മരിച്ചത്.
അതേസമയം, ദുരന്തത്തിന്റെ പശ്ചാത്തല ത്തിൽ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച റിട്ട. ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തിലുള്ള ഏകാംഗ ജുഡീഷ്യൽ കമീഷൻ ഞായറാഴ്ച വൈകീട്ട് അന്വേഷണം തുടങ്ങി. കരൂർ വേലുച്ചാമിപുരത്തെ പൊതുയോഗ സ്ഥലവും സമീപ പ്രദേശങ്ങളും ജസ്റ്റിസ് അരുണ ജഗദീശൻ സന്ദർശിച്ചു. പിന്നീട് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് മൊഴിയെടുത്തു. പൊതുജനങ്ങളുമായും അവർ സംസാരിച്ചു. അതിനിടെ, സംഭവത്തിൽ തമിഴക വെട്രികഴകം ജനറൽ സെക്രട്ടറി പുസി ആനന്ദ്, ജോയന്റ് ജനറൽ സെക്രട്ടറി സി.ടി. നിർമൽ കുമാർ എന്നിവരുൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രചാരണ പരിപാടി നടത്തുന്നതിന് പൊലീസ് അനുമതി ആവശ്യപ്പെട്ട് അപേക്ഷ നൽകിയ കരൂർ വെസ്റ്റ് ജില്ല സെക്രട്ടറി വി.പി. മതിയഴകനാണ് ഒന്നാം പ്രതി.