രോഹിതിനും കോഹ്ലിക്കും പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ഓൾറൗണ്ടർ രവീന്ദ്ര ജദേജയും
രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർക്ക് പിന്നാലെ അന്താരാഷ്ട്ര ട്വന്റി 20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓൾറൗണ്ടർ രവീന്ദ്ര ജദേജയും. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് ജദേജയും പടിയിറങ്ങുന്നത്. തന്റെ ഇസ്റ്റഗ്രാം അകൗണ്ടിലൂടെയാണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
”ഹൃദയം നിറഞ്ഞ നന്ദിയോടെ, ട്വന്റി 20 അന്താരാഷ്ട്ര മത്സരങ്ങളോട് ഞാൻ വിടപറയുന്നു. എന്റെ രാജ്യത്തിന് വേണ്ടി എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടുണ്ട്. മറ്റു ഫോർമാറ്റുകളിൽ ഇനിയും തുടരും. ട്വന്റി 20 ലോകകപ്പ് വിജയിക്കുകയെന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു, ഓർമകൾക്കും സന്തോഷങ്ങൾക്കും അചഞ്ചലമായ പിന്തുണക്കും നന്ദി” – രവീന്ദ്ര ജദേജ കുറിച്ചു.