അണ്ടർ 23 ഗുസ്തി ലോക ചാമ്പ്യൻഷിപ്പിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ താരം ചിരാഗ് ചിക്കാര
അൽബേനിയയിൽ നടക്കുന്ന അണ്ടർ 23 ഗുസ്തി ലോക ചാമ്പ്യൻഷിപ്പിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ താരം ചിരാഗ് ചിക്കാര. ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയതോടെ ഈ വിഭാഗത്തിൽ സ്വർണം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് നേട്ടമാണ് ചിരാഗ് സ്വന്തമാക്കിയിരിക്കുന്നത്. 57 കിലോഗ്രാം വിഭാഗത്തിൽ കിർഗിസ്ഥാൻ്റെ അബ്ദിമാലിക് കറാച്ചോവിനെ 4-3ന് പരാജയപ്പെടുത്തിയാണ് ചിരാഗ് സ്വർണം നേടിയത്. ഒരു സ്വർണം, ഒരു വെള്ളി, ഏഴ് വെങ്കലം എന്നിങ്ങനെ ഒമ്പത് മെഡലുകളാണ് അൽബേനിയയിൽ നടന്ന ഏജ് ഗ്രൂപ്പ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഈ വർഷം നേടിയത്. പാരീസ് ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ അമൻ സെഹ്രാവത്താണ് അണ്ടർ 23 ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്ന ആദ്യ ഇന്ത്യൻ താരം. 2022ൽ ആയിരുന്നു അദ്ദേഹം ഈ വിഭാഗത്തിൽ സ്വർണം കരസ്ഥമാക്കിയിരുന്നത്. വനിതകളുടെ ഗുസ്തിയിലെ അണ്ടർ 23 ലോക ചാമ്പ്യൻഷിപ്പിൽ റീതിക ഹൂഡയും സ്വർണ്ണം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം 76 കിലോഗ്രാം വിഭാഗത്തിൽ ആയിരുന്നു റീതിക സ്വർണം നേടിയിരുന്നത്.