മെസ്സിയുടെ കേരള സന്ദർശനം’ എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്ന് വി അബ്ദുറഹിമാന്
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ മത്സരം കേരളത്തിൽ സംഘടിപ്പിക്കാൻ ശ്രമിച്ചത് സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന് മുൻ കായിക മന്ത്രി വി അബ്ദുറഹിമാൻ. ഈ വിഷയത്തിൽ ഒരു ചില്ലിക്കാശ് പോലും സംസ്ഥാന സർക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്നും മത്സരം നടത്താൻ അർജന്റീന ഫുട്ബോൾ അസോസിയേഷനും സ്പോൺസറും തമ്മിലാണ് കരാറൊപ്പിട്ടതന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.
കേന്ദ്ര കായിക, ധന മന്ത്രാലയങ്ങളുടെ അനുമതി വാങ്ങിയാണ് അർജന്റീന ടീമിനെ കൊണ്ടുവരാൻ ശ്രമം തുടങ്ങിയത്. സ്പോൺസർക്ക് പണമടയ്ക്കുന്നതിന് റിസർവ് ബാങ്കിന്റെ അനുമതിയുമുണ്ടായിരുന്നു. പൊതുമേഖലാ ബാങ്ക് വഴിയാണ് സ്പോൺസർ എഎഫ്എയ്ക്ക് പണമടച്ചത്. കായിക വകുപ്പ് സെക്രട്ടറിയുടെ അപേക്ഷ പ്രകാരം മാത്രമേ കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങൾ ഇത്തരം അനുമതികൾ നൽകൂ. അതിനാൽ കായികവകുപ്പ് ഒന്നും അറിഞ്ഞിരുന്നില്ലെന്ന പ്രചാരണം പച്ചക്കള്ളമാണെന്നും മുൻ മന്ത്രി പറഞ്ഞു.അർജന്റീന ടീമിന്റെ സന്ദർശനത്തിന് കഴിഞ്ഞ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരിക്കുന്നതിന് പകരമായി സ്പോൺസർക്ക് സ്റ്റേഡിയത്തിന്മേൽ അവകാശം അനുവദിച്ചുവെന്ന പ്രചാരണം അങ്ങേയറ്റം ദുരുദ്ദേശപരമാണ്.സമഗ്ര കായിക വികസനം ലക്ഷ്യമിട്ട് വിദേശ സർക്കാരുകളുമായി സഹകരിച്ചുള്ള വിപുലമായ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ സർക്കാർ തുടക്കം കുറിച്ചിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അർജന്റീന ഫുട്ബോൾ ടീമിനെ ക്ഷണിച്ചത് ഈ പ്രവർത്തനങ്ങളുടെ ഭാഗമായാണ്. കായിക പ്രേമികൾക്ക് മെസിയടങ്ങുന്ന ടീമിന്റെ മത്സരം കാണാൻ അവസരം ഒരുക്കാനാണ് പരിശ്രമിച്ചത്. കേരളത്തിലെ ഫുട്ബോൾ ആരാധകർക്കും ഫുട്ബോളിലേക്ക് കടന്നുവരുന്നവർക്കും വലിയ ആവേശം സമ്മാനിക്കാൻ ഈ മത്സരത്തിന് സാധിക്കുമായിരുന്നു.സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരമാണ് അർജന്റീന ടീം സൗഹൃദ മത്സരത്തിന് സന്നദ്ധത അറിയിച്ചത്. സ്പോൺസറാകാൻ താൽപര്യം അറിയിച്ച് രണ്ട് സ്ഥാപനങ്ങൾ സർക്കാരിനെ സമീപിച്ചിരുന്നു. ആദ്യം സ്പോൺസറായി നിശ്ചയിച്ചവർ വ്യവസ്ഥ പാലിക്കാത്തതിനെ തുടർന്ന് പിന്നീട് താൽപര്യം അറിയിച്ച റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്പോൺസറായി നിശ്ചയിക്കുകയും അവർ എഎഫ്എ യുമായി കരാറിൽ ഏർപ്പെടുകയും ചെയ്തു.മത്സരവുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതയും സ്പോൺസറാണ് വഹിക്കേണ്ടതെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ വരുന്ന വിവരം എഎഫ്എ ഔദ്യോഗികമായും അവരുടെ സാമൂഹ്യമാധ്യമത്തിലൂടെയും പ്രഖ്യാപിച്ചതാണെന്നും മുൻ കായികമന്ത്രി വ്യക്തമാക്കി.ഏതൊരു രാജ്യത്തെയും കായികമേഖലയുമായി ബന്ധപ്പെട്ട അസോസിയേഷനുകൾ തികച്ചും സ്വകാര്യമായ സംഘടനകളാണ്. അവരുമായി സർക്കാർ നേരിട്ട് കരാറിലോർപ്പെടുന്നത് ശരിയായ നടപടിയല്ല. അതുകൊണ്ടാണ് സ്വകാര്യ സ്പോൺസറെ കണ്ടെത്തിയത്. എഎഫ്എയ്ക്കും അത്തരത്തിൽ ഒരു സ്പോൺസറെയാണ് താൽപര്യമെന്ന് അറിയിച്ചിരുന്നു.അതത് സമയത്തെ കായികവകുപ്പ് സെക്രട്ടറി, കായിക ഡയറക്ടർ എന്നിവരുമായി ചേർന്ന് ചർച്ച നടത്തിയ ശേഷം, അവർ മുഖേനയാണ് എഎഫ്എ യുമായി ആശയവിനിമയം നടത്തിയത്. എഎഫ്എയുമായി ഓൺലൈനായി നടന്ന ആശയവിനിമയങ്ങളെ തുടർന്നാണ് സ്പെയ്നിലെ മാഡ്രിഡിൽ വെച്ച് അവരുമായി ചർച്ച നടത്തിയത്. ഈ സന്ദർശനത്തെ തുടർന്നാണ് എഎഫ്എയും സ്പോൺസറും കരാറിൽ ഏർപ്പെട്ടത്. അർജന്റീന സോക്കർ സ്കൂളുകൾ കേരളത്തിൽ തുടങ്ങുക, കായികപരിശീലന അക്കാദമികൾ ആരംഭിക്കുക, നമ്മുടെ കോച്ചുമാർക്ക് പരിശീലനം നൽകുക തുടങ്ങിയ കാര്യങ്ങളും ചർച്ചയുടെ ഭാഗമായി പരിഗണനയിലുണ്ടായിരുന്നു.അർജന്റീന ഫുട്ബോൾ ടീമിനെ ക്ഷണിക്കാൻ മാത്രമായിരുന്നില്ല ഈ സന്ദർശനം. ലോക ക്ലബ് ഫുട്ബോളിൽ ഒന്നാമതുള്ള സ്പെയ്നിലെ ലാ ലിഗ, സ്പെയ്ൻ ഹയർ സ്പോർട്സ് കൗൺസിൽ എന്നിവരുമായി സഹകരിക്കുന്നതിനും ചർച്ചകൾ നടത്തിയിട്ടുണ്ട്. കായികവൈദഗ്ധ്യ വികസനം, സ്പോർട്സ് സയൻസ്, സ്പോർട്സ് റിസർച്ച്, കായികമേഖലയുടെ ഡിജിറ്റലൈസേഷൻ തുടങ്ങിയ വിഷയങ്ങളിൽ സ്പെയ്ൻ ഹയർ സ്പോർട്സ് കൗൺസിലുമായി ചർച്ച നടത്തി. അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ സാങ്കേതിക സഹായം, സ്പോർട്സ് സ്കൂളുകളിലെ കരിക്കുലം പരിഷ്കരണം, പാരാ ഫുട്ബോൾ, കായിക രംഗത്ത് സാമ്പത്തിക സഹായം തുടങ്ങിയ വിഷയങ്ങളിലാണ് ലാ ലിഗ പ്രതിനിധികളുമായി ചർച്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു