വാണിയംകുളത്തെ മൂന്നംഗ കുടുംബത്തിൻ്റെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു
പാലക്കാട്: വാണിയംകുളത്തെ മൂന്നംഗ കുടുംബത്തിൻ്റെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു. കുടുംബത്തെ കാണാതായിട്ട് എട്ട് ദിവസം പിന്നിടുമ്പോഴും യാതൊരു വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അതേസമയം, തെരച്ചിലിനായി ബാബു ഭാസ്കറിൻ്റെ മൂത്തമകൻ വൈശാഖും കർണാടകയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വൈശാഖും ഭാര്യയും വിദേശത്ത് നിന്ന് എത്തിയത്. വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ ഷൊർണൂർ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.ശർക്കര വ്യാപാരം നടത്തുന്ന കുടുംബത്തിന് മൈസൂരുവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. കർണാടക കേന്ദ്രീകരിച്ച് ഷൊർണൂർ പൊലീസിൻ്റെ രണ്ട് സംഘങ്ങൾ അന്വേഷണം തുടരുകയാണ്. വഴിക്കടവ് ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട ഇവരുടെ പിക്കപ്പ് ജീപ്പ് അന്വേഷണത്തിൽ നിർണായകമായി. കുടുംബം പലിശയ്ക്ക് വലിയ തുക കടം വാങ്ങിയതിൻ്റെ സൂചനയുണ്ടെന്ന് അയൽവാസികളും പറയുന്നു.ബന്ധുക്കൾ ഇവരുടെ ഫോണുകളിൽ വിളിച്ചു കിട്ടാതെ ആയതോടെ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടിൽ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ആ വാഹനമാണ് പിന്നീട് വഴിക്കടവ് ചുരത്തിൽ നിന്ന് ലഭിച്ചത്. ഇവരുടെ കൈവശമുള്ള മൊബൈൽ ഫോണുകൾ എല്ലാം സ്വിച്ച് ഓഫ് ആണ്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ വീട് സ്ഥിതി ചെയ്യുന്ന പനയൂർ തന്നെയാണ് അവസാന ലൊക്കേഷൻ കാണുന്നതെന്ന് പൊലീസ് പറഞ്ഞു