മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ച കപ്പൽ നിർമ്മാണ പദ്ധതിയെ പറ്റി അറിയില്ലെന്ന് ടാറ്റ
തിരുവനന്തപുരം:മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ച കപ്പൽ നിർമ്മാണ പദ്ധതിയെ പറ്റി അറിയില്ലെന്ന് ടാറ്റ. കേരളത്തിലെന്നല്ല ഒരിടത്തും കപ്പൽ നിർമ്മാണ ശാലയ്ക്കായി നിലവിൽ നിക്ഷേപം നടത്തുന്നില്ലെന്നും ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കി. 10000 കോടിയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം.കേരളത്തെ കടൽ ശക്തിയാക്കാൻ മിഷൻ സമുദ്ര, വിഴിഞ്ഞത്തിന് പിന്നാലെ കപ്പൽ നിർമ്മാണ ശാലയ്ക്കായി ടാറ്റ ഗ്രൂപ്പിന്റെ 10000 കോടിയുടെ നിക്ഷേപ താത്പര്യം. മുഖ്യമന്ത്രി വി ഡി സതീശന്റെ അവകാശവാദം അപ്പാടെ തളളുകയാണ് ടാറ്റ ഗ്രൂപ്പ്. മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ട് അമ്പരന്നുവെന്നും 10000 കോടിയുടെ നിക്ഷേപത്തിനുളള സന്നദ്ധത അറിയിച്ചിട്ടില്ലെന്നും ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കി. ടാറ്റാ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എക്കണോമിക്സ് ടൈംസ് ആണ് വാർത്ത പുറത്തുവിട്ടത്.കേരളത്തിലെന്നല്ല രാജ്യത്തെ മറ്റൊരിടത്തും നിലവിൽ കപ്പൽ നിർമ്മാണ ശാല നിർമ്മിക്കാനില്ലെന്നും വിശദീകരണം. സ്റ്റീൽ, മോട്ടോർ, ഷിപ്പിംങ് സെക്ടറുകളിൽ നിക്ഷേപമുളള ടാറ്റയ്ക്ക് കപ്പൽ നിർമ്മാണ ശാലകളൊന്നുമില്ല. രാജ്യത്തെ സമുദ്ര ശക്തിയാക്കി മാറ്റാനുളള കേന്ദ്ര സർക്കാരിന്റെ 70000 കോടിയുടെ പദ്ധതികളിലും കേരളത്തിൽ അനക്കമുണ്ടായിട്ടില്ല. 2 കിലോമീറ്റർ തീരത്തിന് പുറമെ 2000 ഏക്കർ സ്ഥലവും പ്രാരംഭഘട്ടത്തിൽ ഏറ്റെടുക്കണം.ഇത്തരത്തിൽ പോർബന്ദർ, തൂത്തുകുടി, ദിഗി, ദുഗ്ഗരാജപട്ടണം തുടങ്ങീ നാലിടത്ത് വൻകിട ഗ്രീൻ ഫീൽഡ് കപ്പൽ നിർമ്മാണ ക്ലസ്റ്ററുകൾക്കായുളള നടപടികൾ തുടങ്ങിയിട്ടുണ്ട്. എം എസ് സി- അദാനി കരാറിൽ ഭരണ – പ്രതിപക്ഷ പോര് തുടരുന്നതിനിടെയാണ് ടാറ്റാ ഗ്രൂപ്പിന്റെ വിശദീകരണം.