ദീർഘനാളായുള്ള സ്വപ്നം യാഥാർത്ഥ്യമായി; വിഴിഞ്ഞം പോർട്ട് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ദീർഘനാളായുള്ള സ്വപ്നം യാഥാർത്ഥ്യമായെന്ന് വിഴിഞ്ഞം പോർട്ട് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങനെ നമ്മുടെ കേരളത്തിന് അതും നേടാനായിരിക്കുന്നു. കേരള വികസനത്തിന്റെ പുതിയ അധ്യായം ആരംഭിക്കുകയാണ്. രാജ്യത്തിന് തന്നെ അഭിമാനകരമായ മുഹൂർത്തമാണിത്. ലോകത്ത് തന്നെ ഇത്തരം തുറമുഖങ്ങൾ വിരലിലെണ്ണാവുന്നതേയുള്ളൂ. ലോകത്തെ വൻകിട തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞത്ത് യാഥാർത്ഥ്യമായതെന്നും ഇതിലൂടെ ലോകഭൂപടത്തില് ഇന്ത്യ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി സഹകരിച്ച എല്ലാവർക്കും കേരളത്തിന്റെ നന്ദിയും മുഖ്യമന്ത്രി അറിയിച്ചു.
2045ൽ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കാനാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ 2028-ഓടെ വിഴിഞ്ഞം സമ്പൂർണ്ണ തുറമുഖമായി മാറും. അദാനി ഗ്രൂപ്പ് പൂർണ്ണമായും സഹകരിച്ചു. വിഴിഞ്ഞം യാഥാർത്ഥ്യമാകുന്നത് പല വാണിജ്യ ലോബികൾക്കും ഇഷ്ടമായിരുന്നില്ല. ഈ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ചില സ്ഥാപിത താല്പര്യക്കാർ നിലപാടെടുത്തു. അതിനൊന്നും നമ്മുടെ ശക്തിയെ തകർക്കാൻ കഴിഞ്ഞില്ല. വിഴിഞ്ഞത്തെ അഴിമതിക്കുള്ള വഴിയായി ഉപയോഗിക്കരുത് എന്ന ധാരണ നമുക്കുണ്ടായിരുന്നു. അതിന്റെ സാധ്യതയെക്കുറിച്ച് നമ്മൾ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഉമ്മൻചാണ്ടി സർക്കാരിനെതിരെ നടത്തിയ വിഴിഞ്ഞം സമരത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ മുൻ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പേര് മുഖ്യമന്ത്രി പരാമർശിച്ചു. പദ്ധതി യാഥാർത്ഥ്യമാകാൻ നല്ല ശ്രമം നടത്തിയ മന്ത്രിയാണ് അഹമ്മദ് ദേവർകോവിലെന്നും അദ്ദേഹം അർപ്പണബോധത്തോടെ പ്രവർത്തിച്ചു എന്നത് ഓർക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് വിഴിഞ്ഞം തുറമുഖം കാരണമാകും. വിഴിഞ്ഞത്ത് കപ്പലെത്തുമ്പോൾ നികുതി വരുമാനം വർദ്ധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
മദർഷിപ്പ് സാൻ ഫെർണാൻഡോയെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സർവാനന്ത സോനോവാളും ചേർന്ന് ഔദ്യോഗികമായി സ്വീകരിച്ചു. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാർക്കും മന്ത്രിമാർ ഉപഹാരം നൽകി. ആദ്യ മദർഷിപ്പ് എത്തിയതിന്റെ ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. വിഴിഞ്ഞം ഇടവക വികാരി മോൻസിഞ്ഞോർ നിക്കോളാസ് ചടങ്ങിൽ പങ്കാളിയായി. പരിപാടിയിലേക്കുള്ള ക്ഷണം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നിരസിച്ചിരുന്നു. മുഖ്യമന്ത്രിയും കേന്ദ്ര തുറമുഖമന്ത്രി സോനോവാളിനും പുറമെ അദാനി പോർട്സ് സിഇഒ കരൺ അദാനിയും ചടങ്ങിനെത്തി.