വിഴിഞ്ഞം തുറമുഖത്തിന്റെ സമ്പൂർണ്ണ വിവരങ്ങളും ഉൾപ്പെടുത്തിയ നാവിഗേഷൻ ചാർട്ട് തയ്യാറായി
തിരുവനന്തപുരം : വിഴിഞ്ഞത്തെ പുറം കടലിൽ നിന്ന് തുറമുഖത്തേക്ക് അടുപ്പിക്കാനെത്തിക്കുന്ന കപ്പലുകൾക്കുളള സാങ്കേതിക വിവരങ്ങളും തുറമുഖത്തിന്റെ സമ്പൂർണ്ണ വിവരങ്ങളും ഉൾപ്പെടുത്തിയ നാവിഗേഷൻ ചാർട്ട് തയ്യാറായി. അന്താരാഷ്ട്ര റൂട്ടിൽ നിന്നെത്തുന്ന ചരക്കുകപ്പലുകൾ, നാവികസേനയടക്ക മുളളവരുടെ സൈനിക കപ്പലുകൾ എന്നിവർക്കുളള നാവിഗേഷൻ ചാർട്ടാണ് തയ്യാറാക്കിയത്. ഡെറാഡൂണിലെ നാഷണൽ ഹൈഡ്രോഗ്രാഫിക് ഓഫീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഏപ്രിലിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തിയിരുന്നു. ഇതിനായി നാവികസേനയുടെ കപ്പൽ വിഴിഞ്ഞത്ത് തങ്ങി പഠനം നടത്തിയിരുന്നു.
ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥിരമായുളള ചാർട്ടാണ് തയ്യാറാക്കിയത്. തുറമുഖത്തിന്റെ മുഴുവൻ വിവരങ്ങളും വിഴിഞ്ഞം കടലിന്റെ ആഴം, തിരമാലകളുടെ സ്വഭാവം, കാറ്റിന്റെ ഗതി, ഓരോ സീസണിലുമുണ്ടാകുന്ന കടലിന്റെ സ്വഭാവം അടക്കമുള്ളവ ഉൾപ്പെടുത്തിയ ആധികാരിക രേഖയാണ് തുറമുഖ പ്രതിനിധികൾക്ക് കൈമാറിയത്. വിഴിഞ്ഞത്തേക്ക് എത്തിച്ചേരുന്ന കപ്പലുകൾക്കും മറ്റ് യാനങ്ങൾക്കും ബെർത്തിങ് നടത്തേണ്ട സമയത്ത് ആവശ്യമായ സുരക്ഷാ വിവരങ്ങളും അനുബന്ധ രേഖകളുമാണ് നാവിഗേഷൻ ചാർട്ടിലുളളത്. നാവിഗേഷൻ ചാർട്ട് ജോയിന്റ് ചീഫ് ഹൈഡ്രോഗ്രാഫർ ഓഫ് ഇന്ത്യയുടെ റിയർ അഡ്മിറൽ പീയൂഷ് പോസെ തുറമുഖ അധികൃതർക്ക് കൈമാറി.