കണ്ണീരോടെ നാട് വിട ചൊല്ലി
മലപ്പുറം: വാൽപ്പാറ ദുരന്തത്തിന് ഇരകളായ ആറ് അധ്യാപകർ ഉൾപ്പെടെ ഒമ്പത് പേർക്ക് കണ്ണീരോടെ നാട് വിട ചൊല്ലി. മലപ്പുറം പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന പൊതു ദർശനത്തിൽ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കു കാണാനായി ആയിരങ്ങൾ ഒഴുകിയെത്തുന്നതായിരുന്നു കാഴ്ച. സംസ്കാര ചടങ്ങുകൾ ഉച്ചയോടെ വിവിധയിടങ്ങളിൽ പൂർത്തിയായി.മൂന്നു പള്ളികളിലായാണ് ഏഴു പേർക്ക് അന്ത്യ വിശ്രമം ഒരുക്കിയത്. സ്കൂളിലെ പ്രധാനാധ്യാപിക അജിതയുടെ സംസ്കാരം ഷൊർണൂർ ശാന്തി തീരത്തും ആശയുടേത് കൊളത്തൂരിൽ വീട്ടുവളപ്പിലുമാണ് നടന്നത്. അപകടത്തിൽ പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു.