വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ ഉരുൾ പൊട്ടലിൽ മരിച്ചവരുടെ എണ്ണം 291 ആയി; 348 കെട്ടിടങ്ങൾ ഉരുൾപൊട്ടലിൽ തകർന്നു
വയനാട് : കേരളത്തിന്റെ ഉള്ളുലച്ച വയനാട് ഉരുൾപൊട്ടലിൽ മരണം സംഖ്യ ഉയരുകയാണ്. ഇതുവരെ മരിച്ചവരുടെ എണ്ണം 291 ആയി. 206 പേരെ കുറിച്ച് ഇപ്പോഴും വിവരമില്ല. 29 കുട്ടികളെ കാണാതായെന്നാണ് കണക്കുകൾ. 348 കെട്ടിടങ്ങൾ ഉരുൾപൊട്ടലിൽ തകർന്നു. മണ്ണിനടിയിൽ യന്ത്ര സഹായത്തോടെ തെരച്ചിൽ പുരോഗമിക്കുകയാണ്. മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നും ഇന്നും മൃതദേഹം കണ്ടെടുത്തു. മരണസംഖ്യ ഉയരാനാണ് സാധ്യത. മഴ കനത്തതോടെ മേഖലയിലെ രക്ഷാപ്രവർത്തനം താൽകാലികമായി അവസാനിപ്പിച്ചു. പ്രതികൂല കാലവസ്ഥയും കെട്ടിട അവശിഷ്ടങ്ങളും കൂറ്റന്‍പാറകളും മണ്ണും അടിഞ്ഞുകൂടിയതും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്കര മാക്കുന്നുണ്ട്. നൂറുകണക്കിന് മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുള്ള സാഹചര്യത്തില്‍ ഡ്രോണിന്റെയും മറ്റു സാങ്കേതികവിദ്യകളുടെയും സഹായം തേടുകയാണ് അധികൃതര്‍. ദുരന്തബാധിതരെ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചിരി ക്കുകയാണ്. അതിനിടെ, മുഖ്യമന്ത്രിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കലക്ടറേറ്റിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗവും സർവകക്ഷി യോഗവും ചേർന്നു. മുണ്ടക്കൈയിൽ ജീവനോടെയുള്ളവരെ മുഴുവൻ രക്ഷപ്പെടുത്തിയെന്നാണ് സൈന്യം അറിയിച്ചത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മണ്ണിനടിയിൽ കിടക്കുന്ന ശരീരങ്ങൾ കണ്ടെത്താൻ വെള്ളിയാഴ്ച മുതൽ തിരച്ചിൽ തുടങ്ങും. ഷിരൂർ മാതൃകയിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്താൻ ഉദ്ദേശിക്കുന്നത്.