വയനാട് ഉരുൾപൊട്ടലിൽ മരണം 276 ആയി; മരണസംഖ്യ ഉയർന്നേക്കും എന്നാണ് സൂചന
വയനാട് : വയനാട് ഉരുൾപൊട്ടലിൽ മരണം 276 ആയി. മരണസംഖ്യ ഉയർന്നേക്കും എന്നാണ് സൂചന. നൂറിലേറെ പേരെ കുറിച്ച് ഇപ്പോഴും വിവരമില്ല. കല്ലുകളും ചെളിയും നിറഞ്ഞ വീടുകളിൽ ഇപ്പോഴും നിരവധിപേർ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു. ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ നിന്ന് രണ്ട് ദിവസത്തിനുള്ളിൽ 1,592 പേരെ രക്ഷപ്പെടുത്തി നിരവധി ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് ജില്ലയിലെ 82 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 8,000 പേരെ മാറ്റിപ്പാർപ്പിച്ചതായി അദ്ദേഹം പറഞ്ഞു. 1,167 രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തി. 99 പേർ ചികിത്സയിലും മറ്റുള്ളവരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റി. 96 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ തായും, 166 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയതായും ജില്ലാ ഭരണകൂടം അറിയിച്ചു. മുണ്ടക്കൈയിൽ സൈന്യം നിർമിക്കുന്ന ബെയ്ലി പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. പുഴയിലെ കുത്തൊഴുക്കിനെ അവഗണിച്ചാണ് നിർമാണം.
രക്ഷാപ്രവർത്തനം ശക്തമാക്കുന്നതിനായി മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് 190 അടി നീളമുള്ള ബെയ്ലി പാലം നിർമ്മിക്കുകയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 24 ടൺ ഭാരമുള്ള പാലം ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൂരൽമലയിൽ നിന്ന് ഒറ്റപ്പെട്ട മുണ്ടക്കൈയിലേക്കുള്ള താൽക്കാലിക പാലത്തിനുള്ള സാമഗ്രികളുമായി വ്യോമസേനയുടെ രണ്ടാമത്തെ പ്രത്യേക വിമാനം ഡൽഹിയിൽ നിന്നും ബാംഗ്ലൂരിൽ നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള സാമഗ്രികൾ 17 ട്രക്കുകളിലായാണ് വയനാട്ടിലേക്ക് കൊണ്ടുപോകുന്നത്. രക്ഷാപ്രവർത്തനത്തിന് 100 സൈനികരും ഉടൻ തന്നെ ദുരന്തസ്ഥലത്ത് എത്തും. പാലം രാവിലെ കരയുമായി ബന്ധിപ്പിക്കും. പാലം പൂർത്തിയായാൽ കൂടുതൽ യന്ത്ര സാമഗ്രികൾ മുണ്ടക്കൈയിലേക്ക് എത്തിക്കാനാകും.
ചാലിയാറിലെ തെരച്ചിൽ പുനഃരാരംഭിക്കാനും തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ ഇന്ന് വായനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും രാഹുലും പ്രിയങ്കയും സന്ദർശിക്കും. ചൊവ്വാഴ്ച ഇരുവരും വരാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് അനുമതി കിട്ടിയിരുന്നില്ല. തുടർന്ന് സന്ദർശനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ദുരന്തം ഉണ്ടായതിനെ തുടർന്ന് വിഷയം രാഹുൽ ലോക്സഭയിൽ ഉന്നയിച്ചിരുന്നു. കേന്ദ്രം പ്രഖ്യാപിച്ച സഹായധനം കൂട്ടണമെന്നും, പ്രളയക്കെടുതി നേരിടാൻ കൂടുതൽ ഇടപെടൽ നടത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.