വയനാട്ടിലെ ഉരുൾപൊട്ടൽ; ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ മോഹൻലാൽ വയനാട്ടിലെത്തി
വയനാട് : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ മോഹൻലാൽ വയനാട്ടിലെത്തി. ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ ദുരന്തഭൂമി സന്ദർശിച്ചത്. ക്യാമ്പുകളിൽ കഴിയുന്നവരെയും അദ്ദേഹം കാണും. ആർമി യൂണിഫോമിലാണ് മോഹൻലാൽ സൈന്യത്തിനൊപ്പം എത്തിയത്. മുണ്ടക്കൈ, മേപ്പാടി എന്നീ ദുരന്ത സ്ഥലങ്ങളും അദ്ദേഹം സന്ദർശിക്കും.
നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു.മോഹന്‍ലാല്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു. ‘വയനാട് ദുരന്തബാധിതര്‍ക്ക് ആശ്വാസം പകരാന്‍ നിസ്വാര്‍ത്ഥരായ സന്നദ്ധപ്രവര്‍ത്തകര്‍, പോലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, എന്‍ഡിആര്‍എഫ്, സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ദുരിതാശ്വാസ ദൗത്യത്തില്‍ മുന്‍നിരയില്‍ നിന്ന എന്റെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന് ടിഎ മദ്രാസിന്റെ പ്രയത്നങ്ങള്‍ക്ക് ഞാന്‍ നന്ദിയറിയിക്കുന്നു. നമ്മള് മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതല്‍ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്കരമായ സമയത്ത് ഒറ്റക്കെട്ടായി നില്‍ക്കാനും നമ്മുടെ ഒരുമയുടെ കരുത്ത് കാട്ടാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ജയ്ഹിന്ദ്,’ മോഹന്‍ലാലിന്റെ വാക്കുകള്‍.