പകര്‍ച്ചവ്യാധി തടയണമെന്ന് മുന്നറിയിപ്പ് നല്കി മുഖ്യമന്ത്രി; ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി
വയനാട് : വയനാട് ഒരു മഹാദുരന്തമാണ് സംഭവിച്ചതെന്നും അതിന്റെ ഭാഗമായി മറ്റൊരു ദുരന്തമുണ്ടാകരുതെന്നും മുന്നറിയിപ്പ് നല്കി മുഖ്യമന്ത്രി പിണറായി വിജയന്. പകര്‍വ്യാധിയുടെ സാധ്യതകളെ കുറിച്ച് സംസാരിച്ച അദ്ദേഹം അത് തടയാന്‍ എല്ലാവരും സഹകരിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ചാലിയാര്‍ പുഴയില്‍ ഇനിയും തിരച്ചില്‍ ഊര്‍ജ്ജിതമാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പുനരധിവാസം ഫലപ്രദമായി നടത്തുമെന്ന ഉറപ്പും നല്കി.
ക്യാമ്പുകള്‍ കുറച്ച് നാള് കൂടി തുടരും. വ്യത്യസ്ത കുടുംബങ്ങളാണ് ക്യാമ്പിലുള്ളതെന്നും അവരുടെ സ്വകാര്യ കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന സജ്ജീകരണങ്ങള്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒപ്പം ക്യാമ്പില്‍ ക്യാമറയുമായി കയറരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവും നല്കി അദ്ദേഹം. ക്യാമ്പിനകത്ത് പോയി ബന്ധുക്കളെ കാണാനുള്ള അനുവാദവും ആര്‍ക്കും നല്‍കില്ല. അതേസമയം ക്യാമ്പിന് പുറത്ത് വച്ച് കാണാന്‍ സജ്ജീകരണം ഉണ്ടാക്കും. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപെട്ടുപോയവര്ക്ക് അത് വീണ്ടും പുനസൃഷ്ടിച്ചു നല്‍കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ അടക്കം ക്യാമ്പില്‍ എല്ലാ സഹായവുമായി ഉണ്ട്. എന്നാല്‍ നേരിട്ടുള്ള സഹായത്തിന് അനുമതിയുണ്ടാകില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കും. ഇപ്പോള്‍ കുട്ടി എവിടെയാണോ അവിടെതന്നെ പഠിക്കാന്‍ സൗകര്യമൊരുക്കും. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്ഥാപനവും ഇടപെട്ട് സജ്ജമാക്കും.