വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 300 കടന്നു; ആറ് സോണുകളായി തിരിച്ചാണ് പരിശോധന
വയനാട് : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 300 കടന്നു. 206 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇന്ന് ദുരന്ത മേഖലയിൽ തെരച്ചിൽ കൂടുതൽ ഊർജിതമാക്കും. ആറ് സോണുകളായി തിരിച്ചാണ് പരിശോധന. ബെയ്ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലൻസുകളും എത്തിക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ പരിധിയിലും തെരച്ചിൽ നടക്കും. നിരവധി മൃതദേഹങ്ങൾ ചാലിയാറിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ ഇരുവഴിഞ്ഞി പുഴയിലും ചാലിയാറിലും തിരച്ചിലാരംഭിച്ചു. മുക്കം, മാവൂർ, വാഴക്കാട് പോലീസിൻ്റെയും, ഫയർ ഫോഴ്സ്, സന്നദ്ധ പ്രവർത്തകർ, താലൂക്ക് ദുരന്ത നിവാരണ സേന, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.