ഉരുള്‍പൊട്ടലില്‍ രണ്ടാം ദിനം രക്ഷാദൗത്യം തുടരുന്നു; മരണം 150 ആയി ഉയര്‍ന്നു, 91 പേരെ കണ്ടെത്തിയിട്ടില്ല
വയനാട് : വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടാം ദിനം രക്ഷാദൗത്യം തുടരുന്നു. ഉറ്റവര്‍ക്കായി കണ്ണീരോടെ കാത്തിരിപ്പ്. 4 സംഘങ്ങളായി 150 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലെത്തി. അത്യാവശ്യമായി കുടിവെള്ളം എത്തിക്കണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്റ്ററും എത്തും. മരണം 150 ആയി ഉയര്‍ന്നു. 91 പേരെ കണ്ടെത്തിയിട്ടില്ല. 143 മൃതദേഹങ്ങളുെട പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. 48 പേരെ തിരിച്ചറിഞ്ഞു. 191 പേര് ചികില്‍സയില്‍. നിലമ്പൂരില്‍ 31 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ചാലിയാര്‍ പുഴയില്‍ നിന്ന് മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പോത്തുകല്ലില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് 60 മൃതദേഹങ്ങളാണ്. സംസ്കാരം ഒന്നിച്ചുനടത്തണോ എന്നതില്‍ അന്തിമ തീരുമാനമായില്ല. നിലമ്പൂര്‍ ചാലിയാറില്‍ തിരച്ചില്‍ ആരംഭിച്ചു. ഇരുട്ടുകുത്തി ആദിവാസി കോളനി നിവാസികള്‍ സുരക്ഷിതരെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
45 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 3069 പേരെ ഇതിനോടകം ദുരിതാശ്വാസ ക്യാംപുകളാക്കിയിട്ടുണ്ട് . ഉറ്റവരും ഉടയവരും ഒരു ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ നഷ്ടമായി പാതി മരിച്ച മനസോടെ ജീവിതത്തിലേക്ക് കയറി വന്നവരാണിവര്‍ . അവരെ ചേര്‍ത്തുപിടിക്കാം നമുക്ക് . മനസാക്ഷിയുള്ള എല്ലാവരുടെയും കരുതലും സഹായവുമൊക്കെ അവര്‍ക്കാവശ്യമാണ്. വൈകാതെ തന്നെ എയര്‍ലിഫ്റ്റിങ് ശ്രമം തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വൈത്തിരിയില്‍ 30 മൃതദേഹങ്ങള്‍ വയ്ക്കാനുള്ള ഹാള്‍ സജ്ജമാക്കി. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനാണ് നിലവിലെ തീരുമാനം. താല്‍ക്കാലിക പാലത്തിന്റെ നിര്‍മാണം ഇന്ന് തുടങ്ങാനാകുമെന്നു റവന്യൂമന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. 85 അടി നീളമുള്ളതാണ് പാലം. ചെറിയ മണ്ണുമാന്തി ഉള്‍പ്പെടെ പോകാനാവും. മഴ കുറഞ്ഞത് ആശ്വാസമെന്നും മന്ത്രി കെ.രാജന് പറഞ്ഞു.