ബഹിരാകാശത്ത് ഭൂമി ‘ ഉദിക്കുന്നതിന്റെ ‘ പ്രശസ്തമായ ചിത്രം പകർത്തിയ വില്യം ആൻഡേഴ്സ് വിമാനാപകടത്തിൽ മരിച്ചു
ന്യൂയോർക്ക് : ബഹിരാകാശത്ത് ഭൂമി ‘ ഉദിക്കുന്നതിന്റെ ‘ പ്രശസ്തമായ ചിത്രം പകർത്തിയ വില്യം ആൻഡേഴ്സ് (90) വിമാനാപകടത്തിൽ മരിച്ചു. വില്യം പറത്തിയ ചെറുവിമാനം ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 12.10ന് (പസഫിക് സമയം, വെള്ളിയാഴ്ച രാവിലെ 11.40) വാഷിംഗ്ടണിന് സമീപം സാൻ ഹ്വാൻ ദ്വീപിലെ കടലിൽ തകർന്നു വീഴുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതായി കുടുംബം സ്ഥിരീകരിച്ചു. മനുഷ്യനെ ആദ്യമായി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ച നാസയുടെ അപ്പോളോ 8 മിഷന്റെ ലൂണാർ മോഡ്യൂൾ പൈലറ്റായിരുന്നു വില്യം. 1968 ഡിസംബർ 24നാണ് ‘എർത്ത്റൈസ്’ എന്നറിയപ്പെടുന്ന ചിത്രം അദ്ദേഹം പകർത്തിയത്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ വച്ച് പകർത്തിയ ഈ ചിത്രത്തിൽ ഭൂമിയേയും ചന്ദ്രോപരിതലത്തിന്റെ ഒരു ഭാഗവും കാണാം. ബഹിരാകാശ ചരിത്രത്തിലെ നാഴികകല്ലായ ചിത്രമാണിത്. ഫ്രാങ്ക് ബോർമാൻ, ജെയിംസ് ലോവൽ എന്നിവരായിരുന്നു അപ്പോളോ 8ലെ മറ്റ് സഞ്ചാരികൾ. ചന്ദ്രനെ ആദ്യമായി വലംവച്ച മനുഷ്യരാണ് മൂവരും. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന വില്യം 1969ൽ നാസയിൽ നിന്ന് വിരമിച്ചു. 1976 – 1977 കാലയളവിൽ നോർവെയിൽ യു.എസ് അംബാസഡറായി.