ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരി; ഫിഡെ വനിത ലോകകപ്പ് ചെസ്സിൽ ചരിത്രമെഴുതി ഇന്ത്യൻ താരം ദിവ്യ ദേശ്മുഖ്
ഫിഡെ വനിത ലോകകപ്പ് ചെസ്സിൽ ചരിത്രമെഴുതി ഇന്ത്യൻ താരം ദിവ്യ ദേശ്മുഖ്. ലോകകപ്പ് ചെസ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദിവ്യ. സെമി ഫൈനൽ രണ്ടാം ഗെയിമിൽ ചൈനയുടെ ടാൻ ഷോങ് യിയെ തോൽപിച്ചാണ് 19 വയസ്സുകാരിയുടെ ഫൈനൽ പ്രവേശനം. ഇന്റർ നാഷനൽ മാസ്റ്ററായ ദിവ്യക്ക് ഗ്രാൻഡ് മാസ്റ്റർ നോമും കാൻഡിഡേറ്റ്സ് ടൂർണമെന്റ് ടിക്കറ്റും ലഭിച്ചു. ഇന്ത്യയുടെ കൊനേരു ഹംപി-ചൈനയുടെ ലെയ് ടിങ് യീ സെമിയിലെ വിജയിയെ കിരീടം തേടി ദിവ്യ നേരിടും. ഹംപി-ലെയ് രണ്ടാം ഗെയിമും സമനിലയിലായതോടെ വിജയിയെ തീരുമാനിക്കാൻ വ്യാഴാഴ്ച ടൈ ബ്രൈക്കർ നടക്കും. ദിവ്യയും ടാനും ഒന്നാം ഗെയിമിൽ സമനിലയിൽ പിരിഞ്ഞിരുന്നു. വെള്ളക്കരുക്കളുമായി രണ്ടാം ഗെയിമിനിറങ്ങി ജയം സ്വന്തമാക്കി ദിവ്യ.