ട്വന്റി20 ലോകകപ്പിൽ കിരീടപ്രതീക്ഷയുമായി എത്തിയ ഇന്ത്യയ്ക്ക് കനത്ത തോൽവിയോടെ തുടക്കം
ട്വന്റി20 ലോകകപ്പിൽ കിരീടപ്രതീക്ഷയുമായി എത്തിയ ഇന്ത്യയ്ക്ക് കനത്ത തോൽവിയോടെ തുടക്കം. ഗ്രൂപ്പ് എയിൽ ആദ്യ മത്സരത്തിൽ കരുത്തരായ ന്യൂസീലൻഡിനോട് 58 റൺസിനാണ് ഇന്ത്യ തോറ്റത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 160 റൺസ്. ഇന്ത്യയുടെ മറുപടി 19 ഓവറിൽ 102 റൺസിൽ അവസാനിച്ചു. നാല് ഓവറിൽ 19 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ റോസ്മെരി മെയ്റാണ് ഇന്ത്യയെ തകർത്തത്. ലീ തഹൂഹു നാല് ഓവറിൽ 15 റൺസ് വഴങ്ങി മൂന്നും ഈഡൻ കേഴ്സൻ നാല് ഓവറിൽ 34 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. ലോകകപ്പിനു മുൻപ് ട്വന്റി20യിൽ തുടർച്ചയായി 10 കളികൾ തോറ്റതിന്റെ നാണക്കേടുമായാണ് കിവീസ് യുഎഇയിലെത്തിയത്. ഓപ്പണിങ് വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ടുമായി സൂസി ബെയ്റ്റ്സ് – ജോർജിയ പ്രിമ്മർ സഖ്യം മികച്ച തുടക്കമാണ് കിവീസിന് സമ്മാനിച്ചത്. 46 പന്തിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 67 റൺസ്. ഇരുവരും തുടർച്ചയായ ഓവറുകളിൽ പുറത്തായതോടെ ഇന്ത്യ മത്സരത്തിലേക്കു തിരിച്ചുവന്നെങ്കിലും സോഫി ഡിവൈന്റെ അർധസെഞ്ചറി പ്രകടനം കിവീസിനു തുണയായി. നാലാം വിക്കറ്റിൽ ബ്രൂക് ഹാലിഡേയ്ക്കൊപ്പം 26 പന്തിൽ 46 റൺസ് കൂട്ടിച്ചേർത്താണ് ഡിവൈൻ ന്യൂസീലൻഡിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.