പാകിസ്താനെതിരെ പെൺപടയോട്ടം; ഐസിസി വനിത ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ജയം
ഐസിസി വനിത ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ജയം. 248 റൺസ് പിന്തുടർന്ന പാകിസ്താനെ ഇന്ത്യ 159 റൺസിന് ഓൾ ഔട്ടാക്കി. ടോസ് നേടിയ പാകിസ്താൻ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. ടോസിന് ശേഷം ഇരുക്യാപ്റ്റന്മാരും ഹസ്തദാനം നൽകിയിരുന്നില്ല. റിച്ച ഘോഷ് (35), ഹർലീൻ ഡിയോൾ (46) എന്നിവരുടെ പ്രകടനം ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചു. പാകിസ്താന്റെ സിദ്ര അമീൻ (81) അർധ സെഞ്ചുറി നേടി. 9 ബൗണ്ടറികളും, ഒരു സിക്സറുമാണ് സിദ്രയുടെ അക്കൗണ്ടിൽ ഉള്ളത്. പാക് നിരയെ തുടക്കത്തിൽ തന്നെ പിടിച്ചുകെട്ടുന്നത്തിൽ ക്രാന്തി ഗൗഡ് നിർണായക പങ്കുവഹിച്ചു. ശേഷം വന്ന സിദ്ര അമീൻ, നതാലിയ പെർവൈസ് കൂട്ടുകെട്ട് പാകിസ്താന് ഉണർവ് നൽകി. എന്നാൽ, പന്ത്രണ്ടാം ഓവറിൽ തകർത്താടി തുടങ്ങിയ ആ കൂട്ടുകെട്ടിന് ഇരുപത്തിയെട്ടാം ഓവറിൽ ക്രാന്തി ഗൗഡ് പൊളിച്ചു. നാല് ബൗണ്ടറികൾ ഉൾപ്പെടെ 46 പന്തിൽ നിന്ന് 33 റൺസ് നേടിയ നതാലിയ പെർവൈസിന്റെ നിർണായക വിക്കറ്റാണ് ക്രാന്തി വീഴ്ത്തിയത്. മുപ്പത്തിയൊന്നാം ഓവറിൽ ക്യാപ്റ്റൻ ഫാത്തിമ സേനയെയും (2) പുറത്താക്കി. സിദ്ര നവാസ് 14 റൺസിനും, റമീൻ ഷമീം പൂജ്യത്തിനും, ഡയാന ബെയ്ഗ് 9 റൺസിനും പുറത്തതായി. അർധസെഞ്ചുറി നേട്ടത്തോടെ തിളങ്ങിയ സിദ്ര അമീനെ ഹർമൻപ്രീത് കൗറിന്റെ ക്യാച്ചിലൂടെയും മടക്കി അയച്ചു.