രാജ്യം ഇന്ന് 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കും; അതീവ സുരക്ഷയിൽ രാജ്യതലസ്ഥാനം
തിരുവനന്തപുരം : എഴുപത്തിയൊമ്പതാമത് സ്വാതന്ത്ര്യദിനം രാജ്യം വെള്ളിയാഴ്ച ആഘോഷിക്കും. ഭരണകൂടത്തിൽ നിന്നടക്കം സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ അവ സംരക്ഷിക്കാനുള്ള പോരാട്ടത്തിന് രാജ്യം പ്രതിജ്ഞ പുതുക്കും. സ്വാതന്ത്ര്യസമര പോരാളികളെ അനുസ്മരിക്കും. ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയർത്തി സന്ദേശം നൽകും. സംസ്ഥാനത്തും വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തും. മറ്റു ജില്ലകളിൽ മന്ത്രിമാർ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. നിയമസഭാ സമുച്ചയത്തിൽ സ്പീക്കർ എ എൻ ഷംസീർ പതാക ഉയർത്തും.