79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനമായ ഡൽഹി കനത്ത സുരക്ഷയിൽ
ന്യൂഡൽഹി : രാവിലെ 7.30 ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തും. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ സേനകളെ അഭിനന്ദിക്കും. ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റർ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറക്കും. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി പുതിയ എഐസിസി ആസ്ഥാനമായ ഇന്ദിര ഭവനിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ത്രിവർണ്ണ പതാക ഉയർത്തും. എഴുപത്തിയൊമ്പതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനമായ ഡൽഹി കനത്ത സുരക്ഷയിൽ. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയിലും പരിസരത്തുമായി 11,000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ യും 3000 ട്രാഫിക് പൊലീസിനെയും നിയോഗിച്ചു. ബഹുനില കെട്ടിടങ്ങളിൽ സ്നൈപ്പർമാരെ നിയോഗിച്ചതിന് പുറമെ നഗരത്തിലുട നീളം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. വ്യാഴം രാത്രിമുതൽ തന്നെ വാണിജ്യ വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നത് ഡൽഹി പൊലീസ് തടഞ്ഞു. റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ്, വിമാനത്താവളം, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയിടങ്ങളിൽ പരിശോധന ശക്തമാക്കി.