ജയിലിൽ സൗകര്യങ്ങൾ കുറവെന്ന പരാതിയുമായി കൊലക്കേസിൽ റിമാൻഡിൽ കഴിയുന്ന കന്നഡ നടൻ ദർശൻ
ബെംഗളൂരു : ജയിലിൽ സൗകര്യങ്ങൾ കുറവെന്ന പരാതിയുമായി കൊലക്കേസിൽ റിമാൻഡിൽ കഴിയുന്ന കന്നഡ നടൻ ദർശൻ. ഇക്കാര്യം ആവശ്യപ്പെട്ട് ദർശൻ കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. രേണുകാസ്വാമി കൊലക്കേസിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ദർശൻ. വീട്ടിൽനിന്ന് തയ്യാറാക്കുന്ന ഭക്ഷണം ജയിലിലെത്തിക്കാൻ അനുവദിക്ക ണമെന്നാണ് നടന്റെ പ്രധാന ആവശ്യം. ജയിലിൽനിന്ന് കിട്ടുന്ന ഭക്ഷണം തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നെന്ന് ഹർജിയിൽ പറയുന്നു. കിടക്ക, ഇഷ്ടപ്പെട്ട വസ്ത്രം, ഭക്ഷണം കഴിക്കാൻ സ്പൂൺ, വായിക്കാൻ പുസ്തകം എന്നിവ വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകൻ മുഖേനെയാണ് ദർശൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
സ്വന്തം ആരാധകൻകൂടിയായ ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞമാസം 11-നാണ് ദർശൻ അറസ്റ്റിലായത്. സുഹൃത്തായ നടി പവിത്ര ഗൗഡ ഉൾപ്പെടെ 17 പേരാണ് കേസിലെ പ്രതികൾ. ഇവരും ജയിലിലാണ്. പവിത്ര ഗൗഡയ്ക്ക് സാമൂഹികമാധ്യമംവഴി അശ്ലീല സന്ദേശമയച്ചതിൽ പ്രകോപിതരായി രേണുകാസ്വാമിയെ കൊലപ്പെടുത്തു കയായിരുന്നെന്നാണ് കേസ്. ഒന്നാംപ്രതി പവിത്ര ഗൗഡയും രണ്ടാംപ്രതി ദർശനുമാണ്.