പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് 120 താൽക്കാലിക ബാച്ചുകൾ, കാസർകോഡ് 18 എണ്ണം
തിരുവനന്തപുരം : മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ താൽക്കാലികമ ബാച്ചുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ. മലപ്പുറം ജില്ലയിൽ 74 സർക്കാർ സ്കൂളുകളിലായി 120 ഹയർ സെക്കൻഡറി ബാച്ചുകളാണ് അനുവദിച്ചത്. കാസർകോഡ് ജില്ലയിൽ 18 സർക്കാർ സ്കൂളുകളിലായി 18 ബാച്ചുകൾ അധികമായി അനുവദിച്ചിട്ടുണ്ട്. ഹ്യുമാനിറ്റീസ് കോമ്പിനേഷനിൽ 59 ബാച്ചുകളും കൊമേഴ്സ് കോമ്പിനേഷനിൽ 61 ബാച്ചുകളുമാണ് മലപ്പുറത്ത് അനുവദിച്ചിരിക്കുന്നത്. ഒരു സയൻസ് ബാച്ചും നാല് ഹുമാനിറ്റീസ് ബാച്ചുകളും 13 കൊമേഴ്സ് ബാച്ചുകളും ഉൾപ്പടെ ആകെ 18 ബാച്ചുകൾ കാസർകോഡും അനുവദിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
ഈ അക്കാദമിക വർഷം പ്ലസ് വൺ പ്രവേശനത്തിന് സീറ്റ് ക്ഷാമം ഉണ്ടാകാതിരിക്കുന്നതിനായി അലോട്ട്മെന്റുകളുടെ തുടക്കത്തിൽ തന്നെ സർക്കാർ ഉത്തരവ് പ്രകാരം 2023-24 വർഷം താൽക്കാലികമായി അനുവദിച്ചതും നിലനിർത്തിയതും ഷിഫ്റ്റ് ചെയ്തതുമായ ആകെ 178 ബാച്ചുകൾ തുടരുന്നതിനും മലബാർ മേഖലയിൽ എല്ലാ സർക്കാർ സ്കൂളുകളിലും 30 ശതമാനം മാർജിനൽ സീറ്റ് വർധനയും എല്ലാ എയ്ഡഡ് സ്കൂളുകൾക്കും ശതമാനം മാർജിനൽ സീറ്റ് വർധനയും ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് അധികമായി പത്ത് ശതമാനം മാർജിനൽ സീറ്റ് വർധനയും അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.