സിദ്ദിഖിനെതിരെ അതീവ ഗൗരവകരമായ മൊഴി നല്കി യുവനടി; നടന്റെ അറസ്റ്റിലേക്ക് നയിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം : സിദ്ദിഖിനെതിരെ അതീവ ഗൗരവകരമായ മൊഴി നല്കി യുവനടി. ക്രൂര ബലാത്സംഗം നടന്നതായി യുവതി മൊഴി നല്‍കിയതായാണ് വിവരം. പരാതിക്കാരിയായ നടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. സംഭവം നടന്ന ദിവസത്തെ രേഖകള്‍ ഹാജരാക്കാൻ മസ്കറ്റ് ഹോട്ടലിന് നിർദേശവും നല്‍കിയിട്ടുണ്ട്. സിദ്ദിഖിന്റെ അറസ്റ്റിലേക്ക് നയിക്കുന്ന നിർണായകമൊഴിയാണ് നടി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
നടിയുടെ രഹസ്യമൊഴി വ്യാഴാഴ്ച രേഖപ്പെടുത്തും. തിരുവനന്തപുരം കോടതിയില്‍ വനിതാ മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തുക. മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷം എഫ്ഐആർ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയും പൂർണമായും കേസ് സംഘം ഏറ്റെടുക്കുമെന്നുമാണ് വിവരം. വനിതാ ഉദ്യോഗസ്ഥരാകും കേസില്‍ മേല്‍നോട്ടം വഹിക്കുക.