മാധ്യമപ്രവർത്തകർക്കെതിരെ പരാതി നല്കി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി
തൃശ്ശൂർ : മാധ്യമപ്രവർത്തകർക്കെതിരെ പരാതി നല്കി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. രാമനിലയം ഗസ്റ്റ് ഹൗസില്‍വെച്ച് മാധ്യമപ്രവർത്തകർ വഴി തടസപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്കാണ് അദ്ദേഹം പരാതി നല്‍കിയത്. രാമനിലയത്തില്‍വെച്ച് മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിന് കമ്മീഷണർ നിർദേശം നല്‍കിയതിനുപിന്നാലെയാണ് മാധ്യമപ്രവർത്തകർക്കെതിരെ സുരേഷ് ഗോപി പരാതി നല്‍കിയത്.
മാധ്യമപ്രവർത്തകരെ സുരേഷ് ഗോപി തള്ളിമാറ്റിയ സംഭവത്തില്‍ മുൻ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര പരാതി നല്‍കിയിരുന്നു. ഇതുപരിഗണിച്ചാണ് പ്രാഥമിക അന്വേഷണത്തിന് തൃശൂർ സിറ്റി എസിപിക്ക് കമ്മിഷണർ നിർദേശം നല്‍കിയിരുന്നത്. എസിപി വ്യാഴാഴ്ച അനില്‍ അക്കരയുടെ മൊഴിയെടുക്കും. വേണ്ടിവന്നാല്‍ മാധ്യമ പ്രവർത്തകരുടെയും മൊഴിയെടുക്കുമെന്നാണ് വിവരം. ഈ സാഹചര്യം നിലനില്‍ക്കേയാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്കെതിരെ കേസുനല്‍കിയത്.