തമിഴ് സിനിമാ രംഗത്തും അന്വേഷണ കമ്മിറ്റി വേണമെന്ന് നടൻ വിശാൽ
തമിഴ് സിനിമാ രംഗത്തും അന്വേഷണ കമ്മിറ്റി വേണമെന്ന് നടൻ വിശാൽ. നടികൾക്ക് ബൗൺസർമാരെ നിയമിക്കേണ്ട അവസ്ഥയാണ്. അഡ്ജസ്റ്റ്മെന്റ് ചോദിക്കുന്നവരെ ചെരിപ്പൂരി അടിക്കണമെന്നും വിശാൽ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമയിൽ ഉടലെടുത്ത വിവാദങ്ങളുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിലെ അമ്മയ്ക്ക് തുല്യമായ തമിഴ്നാട്ടിലെ താരസംഘടനയാണ് നടികർ സംഘം. തമിഴ് സിനിമയിലെ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള മനുഷ്യാവകാശ ധ്വംസനങ്ങൾ പരിശോധിക്കാൻ തമിഴ് താരസംഘടന അടുത്ത പത്തു ദിവസത്തിനുള്ളിൽ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് സംഘടന ജനറൽ സെക്രട്ടറി കൂടിയായ വിശാൽ അറിയിച്ചു. പിറന്നാളിനോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ ഹേമ കമ്മിറ്റി പോലെ ഒരു പാനൽ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. അത് നടികർ സംഘത്തിന്റെ ഉത്തരവാദിത്തമാണെന്ന് വിശാൽ പറഞ്ഞു.