നടിയുടെ ലൈംഗികാതിക്രമ പരാതി; മുകേഷിന്റെ അറസ്റ്റ് അഞ്ച് ദിവസത്തേക്ക് തടഞ്ഞ് കോടതി
കൊച്ചി : നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ അഞ്ചുദിവസത്തേക്ക് നടനും എം.എൽ.എയുമായ മുകേഷിന്റെ അറസ്റ്റ് കോടതി തടഞ്ഞു. സെപ്റ്റംബർ മൂന്നുവരെയാണ് സെഷൻസ്കോടതി കോടതി അറസ്റ്റ് തടഞ്ഞത്. മുകേഷിന്റെ ഹരജി പരിഗണിച്ചാണ് നടപടി. മുൻ കൂർ ജാമ്യാപേക്ഷയിൽ സെപ്റ്റംബർ മൂന്നിന് വിശദ വാദം കേൾക്കും. നിരവധി പേർ ലൈംഗികാരോപണമുന്നയിച്ച മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുകേഷ് രാജിെവക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എം. സി.പി.എം അവെയ്ലബിള് സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സിനിമാ നയ രൂപവത്കരണ സമിതി പുനഃസംഘടിപ്പിക്കുമ്പോള്‍ മുകേഷിനെ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, മുകേഷിന്റെ രാജിക്കാര്യത്തിൽ സി.പി.ഐയിൽ ഭിന്നത നിലനിൽക്കുകയാണ്.
ബ്ലാക്ക് മെയിലിങ്ങുമായി ബന്ധപ്പെട്ട കേസ് ആണെന്നാണ് മുകേഷ് പാര്‍ട്ടിക്ക് നല്കിയ വിശദീകരണം. അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ കൈവശമുണ്ടെന്നും അതെല്ലാം കോടതിയില്‍ ഹാജരാക്കുമെന്നും മുകേഷ് അറിയിച്ചിരുന്നു. മുകേഷിന്റെ രാജിക്കായി പ്രതിഷേധം കനത്തതോടെ വീടിന് സുരക്ഷ ശക്തമാക്കിയിരുന്നു. മെഡിക്കൽ കോളജ് പൊലീസാണ് സുരക്ഷ നൽകുന്നത്. അതേസമയം, മുകേഷ് തിരുവനന്തപുരത്തെ വീട്ടിൽ ഇല്ലെന്നും റിപ്പോർട്ടുണ്ട്. കൊല്ലം പട്ടത്താനത്തുള്ള വീട്ടിലേക്കും പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം നടത്തിയിട്ടുണ്ട്