അദാനി ഗ്രൂപ്പിന്റെ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതില് വി.ഡി. സതീശന് മറുപടി പറയണം
തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുമ്പ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദാനി ഗ്രൂപ്പ് പ്രസിഡന്റുറുമായി കൂടിക്കാഴ്ച് നടത്തിയതിൽ മറുപടി പറയണമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. വിഷയത്തിൽ എ.ഐ.സി.സി നേതൃത്വം പ്രതികരിക്കണമെന്നും രാമകൃഷ്ണൻ പറഞ്ഞു. തിരുവവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെ.ഡി.എസ് നേതാവ് ടി.എം ഫാറൂഖിന്റെ വീട്ടിൽ നടന്നത് എന്തു ചർച്ചയായിരുന്നു. സതീശന്റെ മംഗലാപുരം യാത്രയിൽ ഗൗരവകരമായ അന്വേഷണം വേണം. സ്വർണക്കവർച്ച കേസിൽ ചോദ്യംചെയ്ത വ്യക്തിക്കൊപ്പമായിരുന്നു സതീശന്റെ യാത്ര. കോൺഗ്രസ് സംഘടന നേതാക്കൾ ജനാധിപത്യ വിരുദ്ധ നടപടികൾ ആരംഭിച്ചുവെന്നും ടി.പി. രാമകൃഷ്ണൻ കുറ്റപ്പെടുത്തി.മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ ഹൈക്കമാൻഡിൻ്റെ തീരുമാനം വൈകുകയാണ്. ജനവിധി മാനിക്കാൻ കോൺഗ്രസും യു.ഡി.എഫും തയ്യാറാകണം. സംഘടനഭാരവാഹികൾ നൽകു ലിസ്റ്റ് അനുസരിച്ച് സർക്കാർ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുകയാണ്
സർക്കാർ രൂപീകരിക്കുന്നതിനു മുമ്പ് ഇത്തരത്തിൽ സ്ഥലം മാറ്റുന്നത് ജനാധിപത്യത്തിൽ ചേർന്നതല്ല. ജനദ്രോഹ നടപടികൾക്കും യു.ഡി.എഫ് തുടക്കമിട്ടു. 13 ഇനങ്ങളിൽപ്പെട്ട അവശ്യസാധനങ്ങൾക്ക് എൽ.ഡി.എഫ് സർക്കാർ വില കൂട്ടിയിരുന്നില്ല. എന്നാൽ, സപ്ലൈകോ അരിയുടെ വില ഇപ്പോൾ വർധിപ്പിച്ചു. സാധാരണഗതിയിൽ മന്ത്രിസഭാ യോഗമാണ് വിലവർധനയിൽ തീരുമാനമെടുക്കേണ്ടത്. അതിനാൽ ഈ നടപടി പ്രതിഷേധാർഹമാണെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.ആശ സമരത്തിൻ്റെ ലക്ഷ്യം പ്രശ്നം പരിഹരിക്കൽ ആയിരുന്നില്ല. അത് രാഷ്ട്രീയമായി വഴിതിരിച്ച് വിടുകയായിരുന്നു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാത്തതുകൊണ്ട് എന്തെങ്കിലും പ്രതിസന്ധി ഇവിടെ ഉണ്ടോ. സർക്കാർ അല്ലേ ഉണ്ടാകേണ്ടത്. തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം പിണറായി വിജയനും എം.വി. ഗോവിന്ദനും ആണെന്നുള്ള നിലപാട് എൽ.ഡി.എഫിന് ഇല്ല.രാജ്യത്തെ വിലക്കയറ്റം സ്ഥിതി ഗുരുതരമാണ്. പാചകവാതകം ലഭിക്കാത്തതിനെ തുടർന്ന് നിരവധി ഹോട്ടലുകൾ പൂട്ടിക്കഴിഞ്ഞു. അതിനു പരിഹാരം കാണുന്ന നടപടി കേന്ദ്രം സ്വീകരിക്കുന്നില്ല. കേന്ദ്രത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ജനങ്ങൾക്ക് മുകളിൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. ജനവിരുദ്ധ നടപടികൾ കേന്ദ്രം തുടരുന്നുവെന്നും ടി.പി. രാമകൃഷ്ണൻ കുറ്റപ്പെടുത്തി.