എയർഇന്ത്യ വിമാന ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 270 ആയി
ന്യൂഡൽഹി : എയർഇന്ത്യ വിമാന ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 270 ആയി. 270ഓളം മൃതദേഹങ്ങൾ അഹ്മദാബാദ് സിവിൽ ഹോസ്പിറ്റലിൽ എത്തിയതായി ഡോക്ടർമാർ അറിയിച്ചു. ശനിയാഴ്ച ഒരു മൃതദേഹവും ശരീര ഭാഗങ്ങളും കണ്ടെത്തിയതായി അഗ്നിരക്ഷാ സേന അറിയിച്ചു. വിമാനാപകടം അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപവത്കരിച്ച് സിവിൽ വ്യോമയാന മന്ത്രാലയം. നിലവിൽ വിവിധ ഏജൻസികൾ നടത്തുന്ന അന്വേഷണത്തിന് പുറമെയാവും ഉന്നതതല സമിതിയുടെ പ്രവർത്തനം. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിന് സാങ്കേതിക പിഴവുകളടക്കം വിശദാംശങ്ങൾ സമിതി പരിശോധിക്കും. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ അടിയന്തര നടപടികളും സമിതി വിലയിരുത്തും. ഇവയിൽ മാറ്റമാവശ്യമുണ്ടെങ്കിൽ നിർദേശങ്ങളായി ഉൾപ്പെടുത്തി മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകും.
മൃതദേഹങ്ങൾ തിരിച്ചറിയാനായി ഡി.എൻ.എ പരിശോധന നടക്കുകയാണെന്നും പൂർത്തിയായ ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകുമെന്നും സിവിൽ ഹോസ്പിറ്റൽ ജൂനിയർ ഡോക്ടർമാരുടെ സംഘടന പ്രസിഡന്റ് ഡോ. ധവാൽ ഗമേതി പറഞ്ഞു. വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ കാന്റീനിൽനിന്നാണ് ഇന്നലെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. പൊലീസടക്കമുള്ള സംവിധാനങ്ങൾക്ക് പുറമെ, രക്ഷാപ്രവർത്തനത്തിനായി നാഷനൽ സെക്യൂരിറ്റി ഗാർഡ് ഭടന്മാരും സംഭവസ്ഥലത്തുണ്ട്. ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ ഇടിച്ച് കിടക്കുന്ന വിമാനത്തിന്റെ വാൽഭാഗം നീക്കംചെയ്യൽ ജോലി തുടങ്ങിയിട്ടുണ്ട്. എയർ ഇന്ത്യ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാൽ ഈ ഭാഗം നീക്കംചെയ്ത് ക്രെയിൻ വഴി താഴെ എത്തിക്കും. കേടുപാടുകൾ സംഭവിച്ച ഹോസ്റ്റലുകൾ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി (എ.എ.ഐ.ബി) അന്വേഷണത്തിനായി ഒഴിപ്പിച്ച് വിദ്യാർഥികളെ മറ്റിടങ്ങളിൽ താമസിപ്പിക്കുമെന്ന് ബി.ജെ മെഡിക്കൽ കോളജ് ഡീൻ മീനാക്ഷി പരീഖ് പറഞ്ഞു.