എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-ബെംഗളൂരു സെക്ടറിലെ പ്രതിദിന സർവീസ് ആരംഭിച്ചു
കണ്ണൂർ : എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-ബെംഗളൂരു സെക്ടറിലെ പ്രതിദിന സർവീസ് ആരംഭിച്ചു. 2 മാസമായി താൽക്കാലികമായി അവസാനിപ്പിച്ച സർവീസാണ് ഇന്നലെ പു നരാരംഭിച്ചത്. ഏപ്രിൽ 30 നാണ് കണ്ണൂർ-ബെംഗളൂരു സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് അവസാനമായി സർവീസ് നടത്തിയത്. മേയ് 1 മുതൽ 15 വരെ റദ്ദാക്കിയ സർവീസ് 16 മുതൽ പുനരാരംഭിക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. പിന്നീട് ജൂൺ 18 മുതൽ തുടങ്ങാൻ ബുക്കിങ് ഓപ്പൺ ചെയ്തിരുന്നു. തുടർന്ന് വീണ്ടും അടുത്ത മാസത്തേക്ക് നീട്ടുകയാണ് ചെയ്തത്.
വിന്റർ ഷെഡ്യൂളിൽ ഉൾപ്പെടുത്തി കഴിഞ്ഞ നവംബറിലാണ് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-ബെംഗളൂരു സെക്ടറിൽ ആദ്യമായി സർവീസ് തുടങ്ങിയത്. ജനുവരിയിൽ പ്രതിദിന സർവീസിന് പുറമേ ആഴ്ചയിൽ 2 ദിവസം അധിക സർവീസും നടത്തിയിരുന്നു. കണ്ണൂരിൽ നിന്ന് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള സെക്ടറാണ് കണ്ണൂർ ബെംഗളൂരു. എയർ ഇന്ത്യ എക്സ്പ്രസിന് പുറമേ ഇൻഡിഗോ കണ്ണൂർ- ബെംഗളൂരു സെക്ടറിൽ 2 പ്രതിദിന സർവീസ് നടത്തുന്നുണ്ട്