ആലപ്പുഴ വലിക്കുന്നത്ത് തെരുവ് നായയുടെ ആക്രമണം; അഞ്ചുപേർക്ക് കടിയേറ്റു
ആലപ്പുഴ : വലിക്കുന്നത്ത് തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് കടിയേറ്റു. പരിക്കേറ്റവരിൽ ഒരു വീട്ടമ്മയുടെ മുഖത്തിന് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. മൂന്നുപേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പടയണിവെട്ടം, പള്ളിമുക്ക് പ്രദേശവാസികളായ ഗംഗാധരൻ, രാമചന്ദ്രൻ എന്നിവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലും മുഖത്ത് ഗുരുതരമായി പരിക്കേറ്റ 60 കാരിയായ മറിയാമ്മയെ പരുമലയിലെ സ്വകാര്യാശുപത്രയിലും ഹരികുമാറിനെ കായംകുളം സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിരവധി മറ്റ് നായ്ക്കൾക്കും വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്. പേയുള്ള നായയാണ് കടിച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
മറ്റൊരു സംഭവത്തിൽ, പത്തനംതിട്ടയിൽ പാറമടയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മല്ലപ്പള്ളി പാടിമണ്ണിലാണ് സംഭവം. ഓട്ടിസം ബാധിതനായ സോനു ബാബുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. പാറമടയിൽ കുളിക്കാനിറങ്ങിയ സോനു കാൽ വഴുതി ആഴത്തിലേക്ക് വീഴുകയായിരുന്നു. അപകട വിവരം അറിഞ്ഞയുടൻ തന്നെ സ്ക്യൂബ ടീം അടക്കം മല്ലപ്പള്ളിയിലേക്ക് എത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.